പി.എസ്.സി. പ്രാഥമിക പരീക്ഷ: ആകെ മാർക്ക് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലൂടെ അറിയാം
തിരുവനന്തപുരം: പൊതുപ്രാഥമിക പരീക്ഷയുടെ ആകെ (സമീകരിച്ച) മാർക്ക് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു.
അർഹതാപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും മാർക്ക് പ്രൊഫൈലിൽ ചേർക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബിരുദതല പ്രാഥമിക പരീക്ഷയെഴുതിയവരുടെ മാർക്ക് 27 മുതൽ ലഭ്യമാക്കും. തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗമാണ് തീരുമാനമെടുത്തത്.
റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമേ നിലവിൽ ഉദ്യോഗാർഥിക്ക് മാർക്ക് അറിയാനാകൂ. അപേക്ഷകർ കൂടുതലുള്ളതിനാൽ പ്രാഥമിക പരീക്ഷകൾ പല ദിവസങ്ങളിലാണ് നടത്തുന്നത്. ഓരോ പരീക്ഷയുടെയും മാർക്ക്, ചോദ്യത്തിന്റെ സ്വഭാവം അനുസരിച്ച് സമീകരിച്ചാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.
കടുപ്പമേറിയ ചോദ്യങ്ങളുള്ള പരീക്ഷയുടെയും ലളിതമായ ചോദ്യങ്ങളുള്ള പരീക്ഷയുടെയും മാർക്കുകൾ ഈ വിധത്തിൽ സമീകരിച്ച് എല്ലാ ഉദ്യോഗാർഥികൾക്കും തുല്യാവസരം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മാർക്ക് സമീകരണത്തിന് പി.എസ്.സി. സ്വീകരിച്ച മാനഃദണ്ഡം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. അതു പരിശോധിച്ച് ഉദ്യോഗാർഥിക്ക് അവരുടെ യഥാർഥ മാർക്ക് മനസ്സിലാക്കാനും കഴിയും.
കേരഫെഡ് ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എൽ.ഡി.ടൈപ്പിസ്റ്റ് എന്നിവ ഉൾപ്പെടെ 43 തസ്തികകളിലെ വിജ്ഞാപനത്തിന് യോഗം അനുമതി നൽകി. ഓഗസ്റ്റ് 16-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാൻ സമയം നൽകും.
ഹോമിയോമെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ, പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.