തെരു ഗണപതി ക്ഷേത്രം പൊളിക്കാനുള്ള നീക്കം; ഭക്തരുടെ പ്രതിഷേധ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ

പേരാവൂർ: മാനന്തവാടി – കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ മറവിൽ തെരു ഗണപതി ക്ഷേത്രം പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധറാലി പേരാവൂരിൽ നടന്നു. ക്ഷേത്രവിശ്വാസികളും പ്രദേശവാസികളും അണിചേർന്ന പ്രതിഷേധ റാലി വൈകിട്ട് അഞ്ച് മണിയോടെ തെരു ക്ഷേത്രത്തിൽ നിന്നാരംഭിച്ചു.
പേരാവൂർ ടൗൺ ചുറ്റി കുനിത്തലമുക്ക് വരെ നടന്ന റാലി തെരു ഗണപതി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് വിശ്വാസികളാണ് റാലിയിൽ അണിചേർന്നത്. കുട്ടികളും സ്ത്രീകളുമടക്കം റാലിയിൽ പങ്കുചേർന്നു.
ക്ഷേത്രം ഊരാളൻ നെയ്കുടിയൻ ചന്ദ്രൻ ഇളയ ചെട്ട്യാൻ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. കാക്കര കുഞ്ഞിരാമൻ കണ്ണൻ ചെട്ട്യാൻ, ഡോ.വി. രാമചന്ദ്രൻ, കയ്യന്തല ചന്തു ചെട്ട്യാൻ, തുന്നൻ ഗണേശൻ, തുന്നൻ രമേശൻ, പട്ടൻ ദേവദാസൻ, മധു കോമരം, രൂപേഷ് നാദാപുരം, ലിച്ചു കൃഷ്ണ, രാജേഷ് നാദാപുരം എന്നിവർ സംസാരിച്ചു.
നിർദ്ദിഷ്ട നാലുവരിപ്പാതയുടെ അലൈന്മെന്റ് ക്ഷേത്രം പൂർണമായും ഇല്ലാതാക്കുമെന്നതിനാൽ പുതിയ അലൈന്മെന്റ് തയ്യാറാക്കി ക്ഷേത്രം സംരക്ഷിക്കണമെന്നാണ് ക്ഷേത്രക്കമ്മിറ്റിയും വിശ്വാസികളും ആവശ്യപ്പെടുന്നത്.