മട്ടന്നൂർ എം.സി.ആർ.സി നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിൽ

Share our post

ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (കെ എസ് എസ് എം) നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭയിൽ ഒരുക്കുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (എം സി ആർ സി) നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിൽ. വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിൽ ജീവിക്കാൻ ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ കരുത്ത് പകർന്ന് കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി അവർക്കാവശ്യമായ കൗൺസലിംഗ്, തെറാപ്പികൾ, തൊഴിൽ പരിശീലനം, നൈപുണ്യ വികസനത്തിനാവശ്യമായ പരിശീലനം, മാതാപിതാക്കൾക്ക് ആവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. ഇതിലൂടെ അവരുടെ സാമൂഹിക ഉന്നമനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കും. കെ. കെ. ശൈലജ ടീച്ചർ എം. എൽ. എ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.

മട്ടന്നൂർ നഗരസഭ കെ. എസ്. എസ് എമ്മിന് കൈമാറിയ പഴശ്ശിയിലെ 48 സെന്റ് സ്ഥലത്താണ് സെന്റർ ഒരുങ്ങുന്നത്. 3.3 കോടി രൂപ ചെലവിൽ കെട്ടിട നിർമാണം പൂർത്തിയായി. 2019 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. 17000 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി നടത്തിയത്.

ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്പെഷ്യൽ എജ്യുക്കേഷൻ തുടങ്ങിയവക്ക് ആവശ്യമായ അത്യാധുനികമായ ഉപകരണങ്ങളും ജീവനക്കാരെയും നിയമിക്കുന്നതോടെ കേന്ദ്രം പൂർണമായും പ്രവർത്തന സജ്ജമാകും. 100 കുട്ടികൾക്കുള്ള സൗകര്യം റീഹാബിലിറ്റേഷൻ സെന്ററിൽ ഉണ്ട്.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മട്ടന്നൂർ നഗരസഭയുടെ ബഡ്‌സ് സ്‌കൂൾ കേന്ദ്രത്തിലേക്ക് മാറ്റും. ജില്ലയിൽ ആദ്യമായും സംസ്ഥാനത്ത് രണ്ടാമതുമാണ് ഇത്തരത്തിൽ ഒരു കേന്ദ്രം നിലവിൽ വരുന്നത്.
ഉപകരണങ്ങൾ സജ്ജീകരിക്കാനും ജീവനക്കാരെ നിയമിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സെപ്റ്റംബർ അവസാന വാരമോ ഒക്ടോബർ ആദ്യ വാരമോ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നും കെ. കെ ശൈലജ എം. എൽ. എ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!