വീട്ടമ്മയെ സ്കൂട്ടറിൽ നിന്നും തള്ളിയിട്ടു മൊബൈൽ ഫോൺ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠാപുരം : മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ (21) യാണ് മയ്യിൽ പോലീസ് പിടികൂടിയത്.
കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന സ്കൂട്ടർ തള്ളിയിട്ട് വിലയേറിയ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാവാണ് മയ്യിൽ പോലിസിന്റെ പിടിയിലായത്.
ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം.
സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകിൽ വരികയായിരുന്ന ബൈക്കിൽ വന്ന പ്രതിയാണ് സ്കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച് കൊണ്ട്പോയത്..പോലിസിൽവിവരമറിയിച്ചതിനെതുടർന്ന് മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണo നടത്തുകയുമായിരുന്നു.
മയ്യിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. പി സുമേഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ പ്രശോഭ്, രജീവ്,എ.എസ്.ഐ മനു,സി.പി.ഒമാരായ ശ്രീജിത്ത്, വിനീത്, അരുൺ. പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാളാണ് ബൈക്കിൽ വന്ന് മൊബൈൽ കവർന്നെടുത്തത് എന്ന് കണ്ടെത്തുകയും പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ അജ്നാസ് , കുറ്റ സമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്.