വനിതാസൗഹൃദ പദ്ധതിയുമായി മാങ്ങാട്ടിടം പഞ്ചായത്ത്

Share our post

ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വനിതാസൗഹൃദ പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. ‘മെന്‍സ്ട്രല്‍ കപ്പ്’ സൗജന്യമായി വിതരണം ചെയ്താണ് പഞ്ചായത്ത് സ്ത്രീ സൗഹൃദമാകുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ 2000 കപ്പുകള്‍ കൗമാരക്കാര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി നല്‍കും. 1000 കപ്പുകള്‍ നിലവില്‍ വിതരണം ചെയ്തു. കുടുംബശ്രീകള്‍ വഴി ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പി. എച്ച്. സി സബ്സെന്ററുകളിലുടെ ആശാ വര്‍ക്കര്‍മാരാണ് വിതരണം ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനകം പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് ലഭ്യമാക്കും.

സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും അസൗകര്യവും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. പാഡുകള്‍ കാരണം ഉണ്ടാക്കുന്ന ആരോഗ്യ, മലിനീകരണ പ്രശ്‌നവും ഒഴിവാക്കാനാകും. അഞ്ചു മുതല്‍ എട്ടുവര്‍ഷം വരെ കപ്പുകള്‍ പുനരുപയോഗിക്കാം.

ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. സി. ഗംഗാധരന്‍ മാസ്റ്റര്‍ പറഞ്ഞു. വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാകും.

ശാസ്ത്രീയ ആരോഗ്യസമീപനങ്ങള്‍ സ്വീകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതോടൊപ്പം സീറോവേസ്റ്റ് പിരീഡ്‌സ് പ്രാവര്‍ത്തികമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്‍ത്ത് ഇന്‍സ്‌പെകള്‍ ഡി. കെ മനോജിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.

കപ്പുകളുടെ ഉപയോഗം, സുരക്ഷ, തുടങ്ങിയ വിഷയങ്ങളില്‍ കൗമാരക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ: അശ്വതി, നേഴ്‌സുമാരായ ഡെയ്‌സി ജോസഫ്, റിജിന ചാക്കോ, മിഥുന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി .കെ റിനിഷ, ധന്യ ദാസ് എന്നിവര്‍ ക്ലാസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!