ഇന്ത്യയെ ബി.ജെ.പി രാജിൽ നിന്ന് സ്വതന്ത്രമാക്കണം: ഡി.രാജ

കണ്ണൂർ : ഇന്ത്യയെ ബി.ജെ.പി രാജിൽ നിന്നു സ്വതന്ത്രമാക്കാൻ ഒറ്റക്കെട്ടായി പൊരുതണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. എൻ.ഇ.ബാലറാം – പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘രാജ്യം പല പ്രശ്നങ്ങളിലൂടെയാണു കടന്നുപോകുന്നത്.
ഇതെല്ലാം ചർച്ചചെയ്യേണ്ട സമയത്ത് പാർലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. മണിപ്പുർ കലാപമാണു കാരണം. രണ്ടു സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവം പുറത്തുവന്നപ്പോൾ മാത്രമാണു പ്രധാനമന്ത്രി സംസാരിച്ചത്.
ഡബിൾ എൻജിൻ സർക്കാരെന്ന് മോദി വീമ്പു പറയുമ്പോൾ എന്തുകൊണ്ട് ആ സർക്കാരിനു മണിപ്പുരിലെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല? ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് ബി.ജെ.പി അജൻഡ. അതുകൊണ്ടാണ് മണിപ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലടിക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നത്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി ചെയ്തത്. 2024 ൽ രാജ്യത്ത് നടക്കുന്നത് നിർണായക തിരഞ്ഞെടുപ്പാണ്. ഇന്ത്യയെ ബി.ജെ.പി ഭരണത്തിൽ നിന്നു മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പൊരുതണമെന്നും ഡി.രാജ ആഹ്വാനം ചെയ്തു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എൻ.ഇ.ബാലറാം ട്രസ്റ്റ് ചെയർമാനുമായ സി.എൻ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.എഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ, എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എം.പി, ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി.മുരളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി.ഷൈജൻ, ഒ.കെ.ജയകൃഷ്ണൻ, മുൻ ജില്ലാ സെക്രട്ടറി സി.രവീന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.ടി.ജോസ്, എ.പ്രദീപൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി.ബാബു, പി.കെ.മധുസൂദനൻ, വേലിക്കാത്ത് രാഘവൻ, എൻ.ഉഷ, വെള്ളോറ രാജൻ, വി.ഷാജി, സി.വിജയൻ, വി.കെ.സുരേഷ് ബാബു, പി.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ എഴുതിയ ഗാന്ധി മുതൽ ഗാന്ധി വരെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാറിന് നൽകി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പ്രകാശനം ചെയ്തു.