പെരുവയിൽ തകർന്ന വീടിൻറെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണം; കുറിച്ച്യ മുന്നേറ്റ സമിതി

കോളയാട്: പെരുവയിൽ കഴിഞ്ഞ ദിവസം കാലവർഷത്തിൽ പൂർണമായും തകർന്ന വീടിന്റെ ഉടമസ്ഥന് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഭൂമി പണയപ്പെടുത്തി ലക്ഷങ്ങൾ വായ്പയെടുത്താണ് ചന്ത്രോത്തെ ചിറ്റേരി ബാബു വീട് നിർമിക്കുന്നത്. ഇരുനില വീട് പൂർണമായും നിലംപൊത്തിയ സാഹചര്യത്തിൽ പൂർണമായ നഷ്ടപരിഹാരം നല്കാൻ അധികൃതർ തയ്യാറാവണമെന്ന് കെ.കെ.എം.എസ് ആവശ്യപ്പെട്ടു.
പുതിയ വീട് നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ബാബുവും കുടുംബവും താമസിക്കുന്നത്. താമസസ്ഥലവും വീടും വനാവകാശ ഭൂമിയാണ്. സർക്കാർ ജീവനക്കാരനായ ഗോത്രവർഗക്കാരനായതിനാൽ വീട് നിർമാണത്തിന് ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ധനസഹായം ലഭ്യമല്ല. വനാവകാശ ഭൂമി ഈടായിട്ട് ബാങ്കോ മറ്റ്ധനകാര്യ സ്ഥാപനങ്ങളോ വായ്പ നൽകുകയുമില്ല. വായ്പ ലഭിക്കണമെങ്കിൽ റവന്യൂ പട്ടയ ഭൂമി നിർബന്ധമായതിനാലാണ് വീടിന് സമീപമുള്ള 21 സെന്റ് റവന്യൂ ഭൂമി വിലകൊടുത്ത് വാങ്ങി ലോൺ സംഘടിപ്പിച്ചത്.
സാലറി സർട്ടിഫിക്കറ്റും ഭൂമിയും പണയപ്പെടുത്തി നിർമിക്കുന്ന വീടാണ് തകർന്നത്. സ്വന്തം ഭൂമിയിൽ വീട് നിർമിക്കാൻ സാധ്യമാകാതെ വന്നതിനാൽ വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് വീട് നിർമിക്കുകയായിരുന്നു. ആ വീട് നിലംപൊത്തിയപ്പോൾ ബാബുവും കുടുംബവും മാനസിക ബുദ്ധിമുട്ടിലാണ്. ബാബുവിന്റെ അവസ്ഥ മനസിലാക്കി സർക്കാർ പ്രത്യേക പരിഗണന നല്കണമെന്ന് ജില്ലാ ഭാരവാഹികളായ സി. സതീശൻ, എം. വിജേഷ്, സി. സജീവൻ, പവിത്രൻ, എൻ. സുശാന്ത്, കെ. വിജേഷ് എന്നിവർ ആവശ്യപ്പെട്ടു.