കേരളത്തിൽ അരിയുടേയും ഗോതമ്പിന്റെയും അവശ്യശേഖരമുണ്ടെന്ന് എഫ്.സി.ഐ
തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കേരളത്തിൽ ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ടെന്ന് എഫ്.സി.ഐ കേരള റീജിയൺ ജനറൽ മാനേജർ ശ്രീ. സി പി സഹാരൻ അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എഫ്.സി.ഐ കേരള റീജിയൺ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പച്ചരിക്കാണ് ആവശ്യം കൂടുതൽ, അത് ആവശ്യത്തിന് സ്റ്റോക്കുണ്ട്. പുഴുക്കലരിക്ക് കൂടുതൽ ആവശ്യം ഉയരുകയാണെങ്കിൽ അതും ലഭ്യമാക്കുമെന്ന് ശ്രീ.സഹാരൻ അറിയിച്ചു.
അടുത്ത ആറ് മാസത്തേക്ക് സംസ്ഥാനത്തിന്റെ പൊതു വിതരണ സംവിധാനത്തിന്റെ ആവശ്യകത നിറവേറ്റാനുള്ള സ്റ്റോക്കുകൾ നിലവിൽ എഫ്.സി.ഐയുടെ പക്കലുണ്ട്.
പൊതു വിപണയിൽ അരിവില നിയന്ത്രിക്കുന്നതിന് നടപ്പാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്) ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ശ്രീ. സി. പി സഹാരൻ അറിയിച്ചു.
ഒ.എം.എസ്.എസിൽ സംസ്ഥാന ഗവൺെമെന്റിന്റെ ഇടപെടൽ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര ഉപഭോക്തൃകാര്യ – ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.