വീണ്ടും അരങ്ങിലെത്തി ആടിവേടൻ

കൂത്തുപറമ്പ് : അനുഷ്ഠാന കലാരൂപമായ ആടി വേടനെ പുനരാവിഷ്കരിക്കുകയാണ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരികകേന്ദ്രം പ്രവർത്തകർ. അന്യം നിന്നു പോയ കലാരൂപത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് വേടനെ അരങ്ങിൽ എത്തിച്ചത്.
കർക്കടക മാസത്തിലെ ആധിയും വ്യാധിയും അകറ്റാൻ വീടുകൾ തോറും കയറിയിറങ്ങിയിരുന്ന വേടൻ കലാരൂപം മുൻപൊക്കെ നാട്ടിൻപുറങ്ങളിലെ കർക്കടക കാഴ്ചയായിരുന്നു.
പിന്നീട് അന്യം നിന്നു പോയ ഈ അനുഷ്ഠാന കലാരൂപം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് സാംസ്കാരിക കേന്ദ്രവും പുകസയും ആടിവേടനെ പുനരാവിഷ്കരിച്ചത്.
തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കെ.പി. അമൽദേവാണ് വേടനെ അവതരിപ്പിച്ചത്. കെ.പി.വിജയൻ പണിക്കർ, കെ.പി.അജയൻ പണിക്കർ എന്നിവരാണ് അണിയറ പ്രവർത്തകർ.
പി.ജനാർദനന്റെ വീട്ടുമുറ്റത്ത് അവതരണ ചടങ്ങ് കലാമണ്ഡലം മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. നിർമലഗിരി കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ.സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു.
പരിസ്ഥിതി പ്രവർത്തകൻ എം.മധു, പി. ജനാർദനൻ, വി.എം.തോമസ്, മീറബാലൻ,പി.സനീഷ് എന്നിവർ പ്രസംഗിച്ചു.