യു.എ.ഇ-കേരള വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്; അടുത്ത മാസം നിരക്ക് കൂട്ടുമെന്ന് വിമാന കമ്പനികൾ
അബുദാബി: യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്. 6,000 രൂപ വരെയാണ് വിവിധ വിമാന കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. നിരവധി പ്രവാസികള്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായത്. അതേസമയം, പ്രവാസികൾക്ക് മടക്ക യാത്രക്ക് വലിയ തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
യു.എ.ഇയില്‍ സ്‌കൂള്‍ അവധിക്കാലവും റംസാന്‍ അവധിയും എത്തിയതോടെയാണ് വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധന ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷവും ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടില്ല. ഉയര്‍ന്ന വിമാന ടിക്കറ്റ് കാരണം നിരവധി പ്രവാസികള്‍ നാട്ടിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ച് യു.എ.ഇയിലേക്ക് മടങ്ങണമെങ്കില്‍ വലിയ തുക നല്‍കേണ്ടിവരും.
ആയിരക്കണക്കിന് പ്രവാസികളാണ് അവധിക്ക് ശേഷം അടുത്ത മാസം മുതല്‍ കേരളത്തില്‍ നിന്നും യു.എ.ഇയിലേക്കുളള യാത്രക്കായി തയ്യാറെടുക്കുന്നത്. 22,000 രൂപക്ക് മുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ചില ദിവസങ്ങളില്‍ ഇത് മുപ്പതിനായിരത്തിന് മുകളിലാണ്. ഓണത്തോടനുബന്ധിച്ച് അടുത്ത മാസം ടിക്കറ്റ് നിരക്ക് ഇനിയും വലിയ തോതില്‍ ഉയരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ഓണക്കാലത്ത് ഒരു വശത്തേക്കുളള യാത്രക്ക് 50,000 രൂപ വരെ നല്‍കേണ്ടി വരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
അടിക്കടിയുളള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് മൂലം വലിയ തോതില്‍ ബുദ്ധിമുട്ടുകയാണ് പ്രവാസികള്‍. വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.