ഭിന്നശേഷി വിദ്യാർഥികളെ നവവൈജ്ഞാനിക സമൂഹത്തിന്റെ ഭാഗമാക്കുമെന്ന് ആർ. ബിന്ദു

Share our post

ഭിന്നശേഷി വിദ്യാർത്ഥികളെ നവവൈജ്ഞാനിക സമൂഹത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ആലുവ കീഴ്‌മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിന് കീഴിൽ പ്രവർത്തിക്കുന്ന നവീകരിച്ച എംപ്ലോയബിലിറ്റി ട്രെയിനിങ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും അതിൽ പ്രത്യേകമായി പരിഗണിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരെയും കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഭിന്നശേഷി സമൂഹത്തിന് വേണ്ടി സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. കാഴ്ച പരിമിതർക്കായും പദ്ധതികളുണ്ട്. സുനീതി പോർട്ടൽ സന്ദർശിച്ചാൽ ഈ പദ്ധതികൾ സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ലഭിക്കും. ഇത്തരം സേവനങ്ങളും സഹായങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലിലും പരിശീലനം ആവശ്യമാണ്. നൈപുണ്യ പരിശീലനത്തിനായി അസാപ് വഴി നിരവധി കോഴ്‌സുകളാണ് നടത്തി വരുന്നത്. കാഴ്‌ച പരിമിതർക്ക് ഉതകുന്ന കോഴ്‌സുകൾ കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നൽകാൻ അധികൃതർ ശ്രമിക്കണമെന്നും ഇത്തരം കുട്ടികൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാക്കുന്നത് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത രീതികളിൽ നിന്ന് മാറ്റം അനിവാര്യമാണ്. അത്തരത്തിൽ മാറ്റമുൾക്കൊണ്ട് പ്രവർത്തിക്കുന്ന കേരള ബ്ലൈൻഡ് സൊസൈറ്റിയുടെയും സ്‌ൾ ഫോർ ദി ബ്ലൈൻഡിന്റെയും പ്രവർത്തനം എല്ലാ തരത്തിലും മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഭിന്നശേഷിക്കാർക്കായുള്ള എംപ്ലോയിബിലിറ്റി ട്രെയിനിങ് സെൻ്റർ നവീകരിച്ചിരിക്കുന്നത്. കാഴ്ച പരിമിതരായവരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ ഫോർ ദി ബ്ലൈൻഡ് പ്രവർത്തിക്കുന്നത്.
കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോയ് മാത്യു അധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ പി.എൻ. സമ്പത്ത് കുമാർ മുഖ്യാതിഥിയായി. കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറി പി. തോമസ് മാത്യു, വർക്കിങ് കമ്മിറ്റി ചെയർമാൻ വർഗീസ് അലക്സാണ്ടർ, ട്രഷറർ ടി.ജെ. ജോൺ, ഓർബിക് (ഓർഗനൈസേഷൻ ഫോർ ദി ബ്ലൈൻ്റ് ഇൻ കേരള ) കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ്, സ്കൂൾ ഫോർ ദി ബ്ലൈൻഡ് പ്രഥമാധ്യാപിക ജിജി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!