വിദ്യാർഥികളുമായി പോകുമ്പോൾ ദേഹാസ്വാസ്ഥ്യം; കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തലശ്ശേരി : ഡ്രൈവിങ് സീറ്റിലിരുന്ന് വേദനകൊണ്ടു പിടയുമ്പോഴും നിക്സന്റെ നെഞ്ചുപിടഞ്ഞത് തന്റെ ഓട്ടോയിലുള്ള കുരുന്നുകളെ ഓർത്തായിരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ വിയോഗം നാടിനാകെ നൊമ്പരമായി. ഇന്നലെ വൈകിട്ട് തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ സംഭവം.
ഓട്ടോ ടാക്സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർഥികളെ വീടുകളിലാക്കാനുള്ള പതിവു യാത്രയ്ക്കിടെയായിരുന്നു ദുരന്തം.
വൈകിട്ടു 4.20ന് ഗോപാൽപേട്ട ഭാഗത്ത് എത്തിയപ്പോൾ നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ഹോൺ മുഴക്കി, ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിർത്തി.
ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണെങ്കിലും ഹോണിൽനിന്നു കയ്യെടുത്തിരുന്നില്ല. നിർത്താതെ ഹോൺ മുഴങ്ങുന്നതും കുട്ടികളുടെ കരച്ചിലും കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: രേഷ്മ സുന്ദരൻ (അധ്യാപിക). മകൻ: ഓൾവിൻ നിക്സൺ.