അരിയില്‍ ഷുക്കൂര്‍ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന്റെ ഹര്‍ജി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനാണ് സി.ബി.ഐ ഡയറക്ടര്‍ക്ക് ഹര്‍ജി നല്‍കിയത്. കെപിസിസി സെക്രട്ടറി ബി.ആര്‍.എം ഷഫീറിന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്.
കേസില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധരായിട്ടുള്ളവരുടെ രാഷ്ട്രീയഗൂഢാലോചന പുറത്ത് വന്നിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയതെന്നും പി. ജയരാജന്‍ പ്രതികരിച്ചു.
തൃശൂര്‍ ജില്ലയിലെ മതിലകം സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആദ്യം കേസെടുത്തത്. അത് കള്ളക്കേസായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സമാനമായ കേസാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസെന്നും പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന ഉത്തമ ബോധ്യമുണ്ട്. തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നടന്ന കൊലപാതകത്തില്‍ തങ്ങളെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും പി. ജയരാജന്‍ ആവര്‍ത്തിച്ചു.
കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശം.
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി .വി രാജേഷും പ്രതികളായിട്ടുണ്ടെങ്കില്‍ അതിന്റെ പിറകില്‍ കെ. സുധാകരനാണെന്നായിരുന്നു ഷഫീര്‍ പറഞ്ഞത്. പിന്നീട് ഷഫീര്‍ തന്റേത് നാക്ക് പിഴയാണെന്ന് തിരുത്തിയെങ്കിലും വിഷയം സി.പി.ഐ.എം ഏറ്റെടുക്കുകയായിരുന്നു.
‘ അരിയില്‍ ഷുക്കൂറിനെ കൊന്നുതള്ളിയപ്പോള്‍ ഈ മനുഷ്യന്‍ എടുത്ത പോരാട്ടം…ഉമ്മയെ ചേര്‍ത്തുപിടിച്ചു. ആ കുടുംബത്ത് പോയി. പൊലീസിനെ വിരട്ടി. എഫ്.ഐ.ആര്‍ ഇടീച്ചു. സി.ബി.ഐക്ക് വേണ്ടി ഡല്‍ഹിയില്‍ പോയി. നിയമപോരാട്ടം നടത്തി.
അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വഴങ്ങികൊടുക്കാതെ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന്റെ പിറകില്‍ ഈ മനുഷ്യന്റെ വിയര്‍പ്പുണ്ട് എന്നുള്ള കാര്യം നിങ്ങള്‍ ഓരോരുത്തരും അറിയണം.’ എന്നായിരുന്നു സുധാകരനെ വേദിയിലിരുത്തി ബി.ആര്‍.എം ഷഫീര്‍ പ്രസംഗിച്ചത്.