ആഗസ്റ്റ് രണ്ടിന് ലോട്ടറി ബന്ദ്; ‘ഫിഫ്റ്റി ഫിഫ്റ്റി’ ലോട്ടറി ബഹിഷ്‍കരിക്കും
കോഴിക്കോട് : ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിച്ച് ‘ലോട്ടറി ബന്ദ്’ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോട്ടറി ടിക്കറ്റുകളുടെ സമ്മാനം വര്‍ധിപ്പിക്കുക, ഫിഫ്റ്റി ടിക്കറ്റിന്‍റെ വില 40 രൂപയാക്കുക, ടിക്കറ്റ് വില ഏകീകരിക്കുക, 10,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മുൻകൂര്‍ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാനാകാതെ ഏജന്‍റുമാരും വില്‍പനക്കാരും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇതുമൂലം ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷക്കണക്കിന് പേരുടെ ജീവിതമാര്‍ഗം വഴിമുട്ടുന്നു. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.