മഴ വെള്ളം പാഴാക്കാതെ കിണര്‍ റീചാര്‍ജിങ്ങുമായി കോമക്കരി

Share our post

മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് കിണര്‍ റീചാര്‍ജിങ്ങ് ചെയ്യുകയാണ് കോമക്കരി നിവാസികള്‍. നാടിന്റെ ജലസമ്പത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മുഴുവന്‍ വീടുകളിലും കിണര്‍ റീചാര്‍ജിങ്ങ് പ്രവൃത്തി നടത്തിയത്.

മാണിയൂര്‍ നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡിലെ 160 വീടുകളിലാണ് കിണര്‍ റീചാര്‍ജിങ്ങ് നടപ്പാക്കിയത്.
കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വരള്‍ച്ചയും ജലക്ഷാമവും അതിരൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിലൊന്നായിരുന്നു കോമക്കരി.

വേനല്‍ക്കാലമായാല്‍ ഇവിടുത്തെ കിണറുകള്‍ വറ്റും. ജല്‍ ജീവന്‍ മിഷന്റെ കുടിവെള്ള കണക്ഷനും പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുമാണ് പിന്നെ ഇവിടെയുള്ളവരുടെ ആശ്രയം. കുന്നുകളാല്‍ ചുറ്റപ്പെട്ട ചെരിഞ്ഞ പ്രദേശമായതുകൊണ്ട് തന്നെ മഴ പെയ്താല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ മുഴുവനും പുഴയിലേക്ക് ഒഴുകി പോകുന്ന സാഹചര്യമാണ്.

ഇത്തരം പ്രതിസന്ധികള്‍ കണക്കിലെടുത്താണ് പ്രദേശത്തെ ജല സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് കിണര്‍ റീചാര്‍ജിങ്ങിനായുള്ള പ്രവൃത്തികള്‍ പ്രദേശത്ത് ആരംഭിച്ചത്.

മേല്‍ക്കൂരയില്‍ വീഴുന്ന മഴ വെള്ളം പി.വി.സി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി താഴെ സ്ഥാപിച്ച അരിപ്പ ടാങ്കില്‍ എത്തിക്കുന്നു. അരിപ്പ ടാങ്കില്‍ വെള്ളം ശുദ്ധീകരിച്ച ശേഷം വെള്ളം പി.വി.സി പൈപ്പ് വഴി കിണറ്റിലേക്ക് എത്തിക്കുന്നു. കിണര്‍ റീചാര്‍ജിങിനോടൊപ്പം മഴ വെള്ളം സംഭരിക്കാന്‍ പറമ്പുകളില്‍ തടയണകള്‍ നിര്‍മ്മിക്കുകയും മഴ കുഴികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ഡിലെ തൊണ്ണൂറ് ശതമാനത്തിലധികം വീടുകളില്‍ ഈ പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്.

പദ്ധതിയുടെ ഭാഗമായി ഒരോ വീടുകള്‍ക്കും 15,000 രൂപയാണ് മുടക്കിയത്. വേനലായാല്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കൊണ്ട് ബുദ്ധിമുട്ടിയിരുന്ന കോമക്കരി പ്രദേശവാസികള്‍ക്ക് ജല സമൃദ്ധമായ ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളാണ് ആശ്വാസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!