ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തിയാൽ ത​ന്റെ തീരുമാനം മാറ്റാമെന്ന് ഇ.പി. ജയരാജൻ

Share our post

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനി മാനേജ്മെൻറിനോടുള്ള രോഷം മറച്ചുപിടിക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ കമ്പനി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തനിക്കെതിരെ ചെയ്തെന്ന് പത്രസമ്മേളനത്തിനിടെ ചോദ്യത്തിനു മറുപടിയായി ജയരാജന്‍ പറഞ്ഞു.

2022 ജൂൺ 13നാണ് ​സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയതിനെത്തുടർന്ന് അവരെ കയ്യേറ്റം ചെയ്‌തതിനാണ് ജയരാജന് മൂന്നാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി മൂന്നുപേർ ചാടി വന്നു. ആ കാഴ്ച കണ്ട് നിൽക്കാനാകില്ല. പ്രതിരോധത്തിലൂടെ വിമാനക്കമ്പനിയുടെ അഭിമാനം ഉയർത്തുകയാണ് ഞാൻ ചെയ്തത്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചാൽ കമ്പനിയുടെ അവസ്ഥ എന്താകുമായിരുന്നു. വിമാനത്തിൽ അക്രമം കാണിച്ചവർക്ക് രണ്ടാഴ്ചയും തനിക്കു മൂന്നാഴ്ചയുമാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

അക്രമികളെക്കാൾ വലിയ തെറ്റ് താൻ ചെയ്തെന്നാണ് അതിനർഥം. അപ്പോ​ഴാണ് വിമാനത്തിൽ കയറുന്നില്ലെന്ന് പറഞ്ഞത്. ഒരു വർഷമായി ഇൻഡിഗോ വിമാനത്തിൽ കയറുന്നില്ല. മാപ്പ് പറയുന്നത് ഫ്യൂഡല്‍ രീതിയാണ്. എന്നാൽ, തെറ്റുപറ്റി എന്ന് വിമാനക്കമ്പനിക്ക് പറയാം. അവർ തെറ്റ് തിരുത്തിയാൽ തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ജയരാജൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!