മണിപ്പൂർ വിഷയത്തിൽ മൗനമരുത് ; പാനൂരിൽ ഒറ്റയാൾ പ്രതിഷേധവുമായി പ്രഥമദ്യാപിക

തലശേരി: ഇന്ത്യയുടെ നോവായി മണിപ്പൂർ മാറുമ്പോൾ നാടെങ്ങും പ്രതിഷേധങ്ങളും ശക്തമാകുന്നു. പാനൂർ ടൗണിൽ ഒറ്റയാൾ സമരവുമായി അധ്യാപിക രംഗത്തെത്തിയത് പ്രതിഷേധത്തിൻ്റെ നേർക്കാഴ്ചയായി.
പൊയിലൂർ സെൻട്രൽ എൽ. പി സ്കൂൾ പ്രധാന അധ്യാപിക കെ.വി നീനയാണ് ഒറ്റയാൾ പോരാട്ടവുമായി ജനമധ്യത്തിലിറങ്ങിയത്.
കേട്ടുകേൾവിയില്ലാത്ത വിധം രണ്ടുപെൺകുട്ടികൾ അതിക്രമങ്ങൾക്കിരയായിട്ടും അപകടകരമായ മൗനം തുടരുന്ന സമൂഹത്തിനു നേരെയാണ് വേറിട്ട പ്രതിഷേധവുമായി നീനയെത്തിയത്.
കറുത്ത വസ്ത്രം ധരിച്ച് ഒരു കൈയ്യിൽ തീപ്പന്തവും, മറുകൈയ്യിൽ പ്രതിഷേധമറിയിക്കുന്ന ചിത്രവുമായി പാനൂർ ടൗണിൽ ഉടനീളം സഞ്ചരിച്ച് ഒറ്റയാൾ പ്രതിഷേധ മറിയിക്കുകയായിരുന്നു.
പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ മാത്രമൊതുക്കരുതെന്നും അധികാരവർഗത്തിൻ്റെ കണ്ണു തുറക്കും വിധമാകണമെന്നും നീന ജനങ്ങളോട് വിളിച്ചു പറഞ്ഞു.
പൊയിലൂർ സെൻട്രൽ എൽ. പി സ്കൂൾ പ്രധാന അധ്യാപികയായ നീന നാടക പ്രവർത്തക കൂടിയാണ്. ചിത്രകാരൻ സുരേഷ് കണ്ണനാണ് പ്രതിഷേധത്തിൻ്റെ മുഖ്യ ആകർഷണമായ ചിത്രം നീനക്ക് വരച്ച് നൽകിയത്.