കാത്തിരിപ്പ് അവസാന ലാപ്പിൽ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

Share our post

തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇന്ന് (21-07-23) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക.

നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു

അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികള്‍ എന്ന ചര്‍ച്ചകള്‍ സിനിമാ പ്രേമികള്‍ക്കിടയിലും സജീവമാണ്.

മികച്ച ചിത്രം, സംവിധായകന്‍, എന്നിവയൊക്കെ ചര്‍ച്ചകളില്‍ ഉണ്ടെങ്കിലും അത്തരം ചര്‍ച്ചകളില്‍ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടന്‍ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ഒന്നിലധികം പേര്‍ 2022 ല്‍ ഉണ്ടായിട്ടുണ്ട്.

ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്.

ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് രണ്ടാം റൌണ്ടിലേക്ക് തെരഞ്ഞെടുത്തത് 42 ചിത്രങ്ങളാണ്. ഗൌതം ഘോഷ് അധ്യക്ഷനായ മുഖ്യ ജൂറി ഒരാഴ്ച മുന്‍പ് ഈ സിനിമകളുടെ കാഴ്ച തുടങ്ങി. ഈ 42 ചിത്രങ്ങളില്‍ നിന്ന് മുഖ്യ ജൂറി അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുന്ന ഒരു പിടി സിനിമകളില്‍ നിന്നായിരിക്കും ഇത്തവണത്തെ പ്രധാന പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!