തലശേരിയിലെ ധനകോടി ചിറ്റ്‌സ് സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

തലശേരി : സുൽത്താൻ ബത്തേരി ആസ്ഥാനമായ ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. വിവിധ സ്‌റ്റേഷൻ പരിധിയിൽ ഇടപാടുകാർ നൽകിയ പരാതിയടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അടുത്ത ദിവസം ഏറ്റെടുക്കും. ഇടപാടുകാരുടെ 10 കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.
ഏപ്രിൽ അവസാനം ധനകോടി ചിറ്റ്‌സിന്റെ ഓഫീസും ശാഖകളും പൂട്ടി ഉടമയും ഡയറക്ടർമാരും ഒളിവിൽ പോയതോടെയാണ് ഇടപാടുകാർ തട്ടിപ്പ് അറിയുന്നത്. ധനകോടി ചിറ്റ്‌സിന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 22 ശാഖകളുണ്ട്. മുൻ എം.ഡി യോഹന്നാൻ മറ്റത്തിൽ, ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവർ റിമാൻഡിലാണ്. മുങ്ങിയ അഞ്ച് ഡയറക്ടർമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തലശേരിയിൽ 55 പേരുടെ പരാതിയിലാണ് കേസെടുത്തത്. 20 പേർകൂടി പരാതിയുമായി എത്തിയിട്ടുണ്ടെന്ന് തലശേരി എസ്.എച്ച്.ഒ എം. അനിൽ പറഞ്ഞു. പരാതിക്കാരിൽ കൂടുതലും വിരമിച്ച ഉദ്യോഗസ്ഥരാണ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സ്ഥിരനിക്ഷേപം സ്വീകരിച്ചത്. ഓട്ടോഡ്രൈവർമാരും സ്വകാര്യ സ്ഥാപന ജീവനക്കാരും ഉൾപ്പെടെയുള്ള നിത്യവരുമാനക്കാർ പണം നഷ്ടപ്പെട്ടവരിലുണ്ട്.