നാടിന് പച്ചക്കുടയൊരുക്കാൻ കീഴൂർകുന്നിലെ ശ്രീധരന്റെ ഓട്ടം

ഇരിട്ടി : സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപനം വന്നപ്പോഴാണ് ഇരിട്ടിക്കടുത്ത കീഴൂർകുന്നിലെ ഗുഡ്‌സ് ഓട്ടോഡ്രൈവർ വക്കാടൻ ശ്രീധരൻ തന്റെ ഓട്ടത്തിന്റെ ഗിയർ ഒന്ന് മാറ്റിപ്പിടിച്ചത്. ഗുഡ്‌സ് വണ്ടികൾക്ക് ഓട്ടം കുറഞ്ഞ ആ കാലം അധികദിവസവും ഇരിട്ടി ടൗണിലെ ഗുഡ്‌സ് സ്‌റ്റാൻഡിൽ വൈകിട്ട് വരെ വണ്ടി നിർത്തിയിട്ടാലും വരുമാനമൊന്നുമില്ലാതെയാണ് മടങ്ങിയിരുന്നത്. എന്നാൽ നിർത്തിയിടുന്ന വണ്ടിയിൽ സുഭിക്ഷകേരളം പദ്ധതിക്കുള്ള പച്ചക്കറി തൈകൾ പാകപ്പെടുത്തി വിൽക്കാമെന്നായി ചിന്ത. അങ്ങനെ വെണ്ട, വഴുതിന, കക്കിരി, കുമ്പളം, മത്തൻ തുടങ്ങി ഏതാനും ഇനങ്ങൾ റൂട്ട് ട്രെയിനറിൽ മുളപ്പിച്ച് തൈകളാക്കി വണ്ടിയിൽ കയറ്റി ടൗണിലെ സ്റ്റാൻഡിലെത്തി. തൈകൾ പതിയെ വിറ്റ് തീർന്നു.
ദിവസം കഴിയുന്തോറും തൈവിൽപ്പന വർധിച്ചതോടെ പരീക്ഷണങ്ങളും ആത്മവിശ്വാസവും വളർന്നു. വയനാട്ടിലെ വിത്ത് ഫാമുകളിൽനിന്ന് നല്ലയിനം പച്ചമുളകിൻ തൈകളും ഇതര പച്ചക്കറി തൈകളും എത്തിച്ച് ഇനങ്ങളും എണ്ണവുംകൂട്ടി വിൽപ്പന മുന്നേറി. വീട്ടിൽ തൈകൾ കിളിർപ്പിക്കുന്ന പ്രവൃത്തിയിൽ കുടുംബവും ചേർന്നതോടെ തൈ മുളപ്പിക്കൽ, പരിചരിക്കൽ, വിൽപ്പനക്ക് സജ്ജമാക്കൽ എന്നിവ ഉഷാർ.
കോവിഡ് മഹാമാരിക്കാലത്ത് നാട് തിരികെ പിടിച്ച പച്ചക്കറി കൃഷി വ്യാപനം കൂടിയായപ്പോൾ ശ്രീധരനെ തേടി പലരും തൈകൾ വാങ്ങാനെത്തി. ഇതിനിടയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കൃഷിവ്യാപന പദ്ധതിയിൽ അപേക്ഷ നൽകി. ഒരു ലക്ഷം രൂപയുടെ മഴമറ സർക്കാർ അനുവദിച്ചു. അരലക്ഷം രൂപ സബസ്‌സിഡിയോടെ ലഭിച്ച മഴമറ ഈ ഘട്ടത്തിലും ശ്രീധരന്റെ സംരംഭത്തിൽ ഇടതടവില്ലാതെ തൈകൾ കിളിർപ്പിക്കാനുള്ള ഇടമായി.
‘‘കോവിഡ് കാലത്തടക്കം പച്ചക്കറി തൈകൾ മുളപ്പിച്ചും വിറ്റുമാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. നിലവിൽ സ്ഥിരമായി ധാരാളം പേർ ചെറുതും വലുതുമായ തോതിൽ തൈകൾ വാങ്ങാനെത്തുന്നു. തൈ നട്ട് നന്നായി പരിചരിച്ചവർക്ക് വിളവും സംതൃപ്തിയും നൽകുന്നതരത്തിലുള്ള നല്ലയിനം തൈകളാണ് നൽകുന്നത്. ആരും ഇതേവരെ മോശം അഭിപ്രായം പറഞ്ഞിട്ടില്ല’’–ശ്രീധരൻ പറഞ്ഞു. കാർഷിക കേരളത്തിന്റെ ഉന്നമനത്തിനും ജൈവ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതക്കും ഇത്തരം സംരംഭങ്ങളാണ് അനിവാര്യമെന്നാണ് ശ്രീധരനെപ്പോലുള്ള സാധാരണക്കാർ നൽകുന്ന സന്ദേശം.