മണിപ്പുരിലെ ലൈംഗികാതിക്രമം: രണ്ട് മാസം പോലീസ് അനങ്ങിയില്ല, നടപടി വീഡിയോ പുറത്തുവന്നതോടെ

Share our post

ഇംഫാല്‍: മണിപ്പുരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വെളിവാകുന്നു. പരാതി ലഭിച്ച 62 ദിവസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസ് നടപടിയുണ്ടായത്.

സംസ്ഥാനത്തെ സുരക്ഷാസ്ത്ഥിഗതികള്‍ വിലയിരുത്താനായി ഇതിനിടയില്‍ നിരവധി തവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടും രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി ഇത് സംബന്ധിച്ച എഫ്‌.ഐ.ഐ.ആര്‍ ദിവസങ്ങളോളം പൊടിപിടിച്ച് കിടന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരകള്‍ മറ്റൊരു ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ സമീപിച്ചതിനാല്‍ ഈ എഫ്‌.ഐ.ആര്‍ കൈമാറാന്‍ തന്നെ ഒരു മാസത്തിലേറെ എടുത്തു. നടപടിയെടുക്കാനുള്ള കാലതാമസം സംബന്ധിച്ച് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് മാധ്യമങ്ങളോട് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു.
അക്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇതിനോടകം തന്നെ ആറായിരത്തിലധംക എഫ്‌.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസ് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചയുടന്‍, കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞു, ഉടനടി നടപടിയെടുക്കുകയും പ്രധാന പ്രതിയടക്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി’ മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
മെയ് നാലിനാണ് തൗബല്‍ ജില്ലയില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തത്. മെയ് 18ന് ഇരകളിലൊരാളുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ വീഡിയോ പുറത്ത് വന്നതിന് ശേഷം ബുധനാഴ്ചയാണ് പോലീസ് നടപടിക്കൊരുങ്ങിയത്. സംഭവത്തില്‍ വീഡിയോയിലുണ്ടായിരുന്ന നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സംഭവത്തില്‍ പരാതി ലഭിച്ചതിന് ശേഷം സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് നിരവധി ഉന്നതതല യോഗങ്ങള്‍ നടക്കുകയുണ്ടായെങ്കിലും വീഡിയോയിലെ സംഭവങ്ങള്‍ സംബന്ധിച്ച് ഒന്നും ചര്‍ച്ചയായില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം ഈ യോഗങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.

ഈ കേസ് നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മണിപ്പുര്‍ മുഖ്യമന്ത്രിയോ ഡിജിപിയോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ലെന്നാണ് തൗബല്‍ എസ്പി സച്ചിദാനന്ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

‘കഴിഞ്ഞ ദിവസമാണ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ രൂപത്തില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റ് നടപടികളിലേക്ക് കടന്നു’ എസ്പി പറഞ്ഞു.

ഇരകള്‍ തൗബല്‍ ജില്ലയിലില്ലാത്തതും നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

അതേ സമയം പോലീസിന്റെ സാന്നിധ്യത്തിലാണ് തങ്ങളെ ആള്‍ക്കൂട്ടം കൊണ്ട് പോയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്ന ഈ വാദം തെറ്റാണെന്നാണ് എസ്പി പറയുന്നത്.

സംഭവ സമയം പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ആയുധങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആള്‍ക്കൂട്ടം നടത്തി വരുന്നതിനിടെ പോലീസുകാരെല്ലാം അവിടെ സുരക്ഷാ തിരക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇരകളിലൊരാളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ‘ഞങ്ങളുടെ ഗ്രാമം അക്രമിക്കുന്ന ജനക്കൂട്ടത്തോടൊപ്പം പോലീസും ഉണ്ടായിരുന്നു. പോലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കുറച്ചകലേക്ക് കൂട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് പോലീസ് ആള്‍ക്കൂട്ടത്തിന് ഞങ്ങളെ വിട്ടുകൊടുത്തു’.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!