മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ മഴവെള്ള സംഭരണി ഒരുക്കി മട്ടന്നൂര്‍ നഗരസഭ

Share our post

മട്ടന്നൂര്‍ :മാലിന്യ സംസ്‌കരണത്തിന് മാത്രമല്ല മഴവെള്ളം സംഭരിക്കാനും ട്രെഞ്ചിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താമെന്ന് കാട്ടുകയാണ് മട്ടന്നൂര്‍ നഗരസഭ. കരിത്തൂര്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് മഴവെള്ള സംഭരണി നിര്‍മ്മിച്ചിട്ടുള്ളത്.

ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ ഒരു വശത്ത് സ്ഥിതി ചെയ്തിരുന്ന കല്ലു വെട്ട് കുഴിയുടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തും ഭിത്തികള്‍ പ്ലാസ്റ്റര്‍ ചെയ്തുമാണ് മഴവെള്ള സംഭരണി ഒരുക്കിയത്. 26.5 മീറ്റര്‍ നീളവും 19.25 മീറ്റര്‍ വീതിയുമുള്ള സംഭരണിക്ക് 1.24 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും.

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 16.96 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 2022 മാര്‍ച്ചിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വേനല്‍ക്കാലത്തും വെള്ളം നിലനില്‍ക്കുന്നതിനാല്‍ സംഭരണിയില്‍ തിലോപ്പിയ മത്സ്യത്തെ വളര്‍ത്തുന്നുണ്ട്.

ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ ജീവനക്കാര്‍ ഒരുക്കിയ കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളവും സംഭരണിയില്‍ നിന്നാണ് എടുക്കുന്നത്. തീപിടുത്തം പോലുള്ള അപകട ഘട്ടങ്ങളില്‍ സംഭരണിയിലെ വെള്ളം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ ജീവനക്കാരാണ് സംഭരണി പരിപാലിക്കുന്നത്.നഗരസഭയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മഴവെള്ള സംഭരണിയെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!