വീഡിയോകോളില്‍ മേക്ക് അപ്പ് ചെയ്യേണ്ട; വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളുമായി മൈക്രോസോഫ്റ്റ് ടീംസ്

വര്‍ക്ക് ഫ്രം ഹോം ജോലികളിലാണ് ഇന്ന് പലരും. ഓണ്‍ലൈന്‍ മീറ്റിങുകളിലൂടെയാണ് ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ വര്‍ക്ക് ഫ്രം ഹോം ജോലിക്കാരുമായി ആശയവിനിമയം നടത്തുന്നത്.
കൃത്യമായ ഇടവേളകളില്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മീറ്റിങുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ വീട്ടിലിരുന്നും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്നുണ്ടാവുന്ന ഇത്തരം ചില വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുമ്പോള്‍ ശരിയായ രീതിയില്‍ മേക്ക് അപ്പ് ചെയ്യാനോ ഒരുങ്ങാനോ സാധിച്ചെന്നു വരില്ല.
ഈ സാഹചര്യം നേരിടാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ടീംസ്.
ബ്യൂട്ടി ബ്രാന്റായ മേബെലൈനിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളാണ് ടീംസ് അവതരിപ്പിച്ചിരിക്കുന്നത്.
12 വ്യത്യസ്ത ലുക്കിലുള്ള ഫില്‍റ്ററുകളാണ് മേബലൈന്‍ ബ്യൂട്ടീ ആപ്പ് ടീംസില്‍ അവതരിപ്പിച്ചിരിക്കുന്നത്. മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവയായിരിക്കും ഇതിലെ മേക്കപ്പുകള്‍.
തങ്ങളുടെ ഉല്പന്നങ്ങള്‍ ഉപഭോക്താവിന് ചേരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന വിര്‍ച്വല്‍ ട്രൈ ഓണ്‍ ഫീച്ചറുകള്‍ ഇത്തരം ബ്രാന്‍ഡുകള്‍ തങ്ങളുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ സംവിധാനത്തെ മറ്റൊരു രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് മൈക്രോസോഫ്റ്റ് ടീ്ംസ്.
മോഡ്‌ഫേസ് എന്ന സ്ഥാപനമാണ് ഈ വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകള്‍ക്കായുള്ള എഐ സാങ്കേതിക വിദ്യ ഒരുക്കിയത്. വിവിധ കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ ഇവരുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ് എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ ലഭ്യമാവും. വീഡിയോ ഇഫക്ട്‌സ് ടാബിലാണ് ബ്യൂട്ടി ഫില്‍റ്ററുകള്‍ ലഭിക്കുക.