വാരിക്കുഴികളുമായി മാഹിപാലം : ഓട്ടമില്ല ,നിരങ്ങണം

മാഹി: ദേശീയപാതയിൽ മാഹിപ്പാലം കടന്നുകിട്ടാൻ വേണ്ടിവരുന്നത് പതിനഞ്ചുമിനിറ്റോളം.നിറയെ വാരിക്കുഴികളുള്ള പാലത്തിലൂടെ നിരങ്ങിനീങ്ങിയാണ് വാഹനങ്ങൾ മറുകര കടക്കുന്നത്. കടന്നുകിട്ടിയാൽ ആശ്വാസം എന്ന് കരുതിയാൽ തെറ്റും.
മാഹി ടൗണിലെ ഒരു കിലോമീറ്റർ ദൂരം പിന്നിടണമെങ്കിൽ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും എടുക്കും.കണ്ണൂർ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ മയ്യഴിപ്പുഴയ്ക്ക് കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി.
മാഹിയിൽ നിന്ന് പാലത്തിൽ കടക്കുന്ന ഭാഗവും മദ്ധ്യഭാഗം വരെയുള്ള മൂന്ന് എക്സ്പൻഷൻ ജോയിന്റുകളും പൊട്ടികിടക്കുകയാണ്.
ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് ഒരു മാസക്കാലം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയിരുന്നു. അന്ന് പകരമിട്ട സ്ലാബുകളാണ് ഇപ്പോൾ വീണ്ടും പൊളിഞ്ഞിരിക്കുന്നത്. നിലവിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിൽ കുലുക്കം അനുഭവപ്പെടുന്നുണ്ട്. 1934ൽ ഫ്രഞ്ച് ഭരണകൂടമാണ് പാലം നിർമ്മിച്ചത്.
1972ൽ പാലത്തിന്റെ തൂണുകൾ നിലനിർത്തി മേൽഭാഗം പുനർനിർമ്മിച്ചു. വർഷങ്ങൾക്കിപ്പുറം അടിഭാഗത്തെ സിമന്റ് പാളികൾ തകർന്നുവീണ് ഉപരിതലം പൊട്ടിപ്പൊളിഞ്ഞതോടെ ആധുനികസംവിധാനമുപയോഗിച്ച് ബലപ്പെടുത്തിയതാണ്.
തലയെടുപ്പോടെ ആ തൂണുകൾഫ്രഞ്ചു ഭരണകാലത്ത് ജഡ്ക വണ്ടികൾക്കും കാറുകൾക്കും മറ്റും പോകാനുള്ള സംവിധാനത്തിലാണ് പാലം നിർമ്മിച്ചത്. ദശകങ്ങൾ ഏറേ കഴിഞ്ഞിട്ടും തൂണുകൾക്ക് ഇപ്പോഴും ബലക്ഷയമുണ്ടായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മാഹിയിൽ നിന്ന് ചാലക്കര, പള്ളൂർ, ചെമ്പ്ര, പന്തക്കൽ പ്രദേശങ്ങളിലെത്തിച്ചേരാൻ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്.
ഫ്രഞ്ച് വാഴ്ചക്കെതിരെ അതിർത്തി പ്രദേശങ്ങളിൽ ഉപരോധം നടന്നപ്പോൾ, കണ്ണൂർ ജില്ലയിൽ നിന്ന് മാഹിയെ തൊടാതെ കോഴിക്കോട് ജില്ലയിലേക്ക് കടക്കാൻ പെരിങ്ങാടി റെയിൽവേ പാലം റോഡ് പാലമാക്കിയിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് ഇതിന്റെ നിയന്ത്രണം.
അവസാനഘട്ടത്തിലെത്തി നിൽക്കുന്ന തലശ്ശേരി -മാഹി ബൈപാസിന്റെ ഭാഗമായി രണ്ടര കി.മീ. അകലെ മയ്യഴിപ്പുഴയിൽ പുതിയ പാലം പൂർത്തിയായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പഴയ പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ എൻ.എച്ച് അധികൃതർ താൽപ്പര്യം കാണിക്കുന്നില്ല.
ബൈപാസ്സ് തുറന്നാൽ ചെറുകിട വാഹനങ്ങൾ മാത്രമേ പിന്നീട് മാഹി ടൗൺ വഴി കടന്നുപോവുകയുള്ളുവെന്നാണ് വാദം. ഇതിനിടെ പുതുച്ചേരി സർക്കാർ മുണ്ടോക്കിൽ നിന്നും ചെറുകല്ലായിലേക്ക് പുതിയ പാലത്തിനായി നീക്കവും തുടങ്ങിയിട്ടുണ്ട്.