പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിയും കൂറുമാറി; ലൈംഗികാതിക്രമക്കേസില്‍ പ്രതിയെ വെറുതെവിട്ടു

Share our post

വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതിയെ വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വെറുതേ വിട്ടു. തളി പല്ലൂരത്ത് ശ്രീനാഥിനെയാണ് ജഡ്ജി ആര്‍. മിനി വെറുതേവിട്ടത്.

2020-ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിയും 20 പേരുടെ സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വിചാരണവേളയില്‍ അവര്‍ കൂറുമാറി.

എരുമപ്പെട്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലേക്ക് മൊഴിയെടുക്കുന്നതിനിടയില്‍ അതിജീവിത, മജിസ്ട്രേറ്റിനു മുന്നില്‍ മറ്റൊരാള്‍കൂടി പീഡിപ്പിച്ചതായി പറഞ്ഞു. ഇതിനുകൂടി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി.

പോക്‌സോ കോടതിയില്‍ ഈ കേസിന്റെയും വിചാരണ നടക്കുന്നുണ്ട്. വീട്ടില്‍ പോകാന്‍ വിസമ്മതിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി നിലവില്‍ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലാണ് കഴിയുന്നത്.

ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ശ്രീനാഥ് 64 ദിവസം ജയിലില്‍ കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്തും പ്രതിക്കുവേണ്ടി അഭിഭാഷകരായ എം. ഹരികിരണ്‍, പി.പി. സജിത്ത് എന്നിവരും ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!