അയ്യല്ലൂർ സ്‌കൂളിൽ വിദ്യാർഥികൾക്ക് കർക്കടക കഞ്ഞി

മട്ടന്നൂര്‍ : അയ്യല്ലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കർക്കടകക്കഞ്ഞി. കർക്കടകം കഴിയുംവരെ ദിവസവും കുട്ടികൾക്ക് കർക്കടകക്കഞ്ഞി നൽകാനാണ് പിടിഎ തീരുമാനം. ‘നല്ല തലമുറ നല്ല ആരോഗ്യം’ എന്ന സന്ദേശവുമായാണ് ഒരുമാസം കുട്ടികൾക്ക് ഔഷധക്കൂട്ട് ചേർത്ത കർക്കടകക്കഞ്ഞി തയ്യാറാക്കി നൽകുന്നത്.
കർക്കടകത്തിൽ ഔഷധക്കൂട്ട് ചേർത്ത കഞ്ഞി കുടിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ച് ആയുർവേദ ഡോക്ടറും എഴുത്തുകാരിയുമായ ഡോ. കെ.ആര്‍. അപർണ കഞ്ഞി വിതരണം ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് വി. ജയേഷ്, മദർ പി.ടി.എ പ്രസിഡന്റ് രാജി രാജേഷ്, മാനേജർ ആർ.കെ. രാജീവ്, കെ. സുരേഷ്, പ്രഥമാധ്യാപിക ടി.കെ. സിന്ധു, സി.വി. സായ് വിഷ്ണു, കെ.കെ. സഞ്ജയ് നന്ദന്‍, ആര്‍.കെ. ധനഞ്ജയ്, പി.എം. ശാലിനി, കെ. നിനിഷ, കെ. പ്രജിഷ എന്നിവർ സംസാരിച്ചു.