ആശുപത്രിയിലും ‘നായാട്ട്; പരിയാരം ഗവ. മെഡിക്കൽ കോളജിൽ വിലസി നായ്ക്കൾ

Share our post

പരിയാരം: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും തെരുവു നായ്ക്കളുടെ താവളമായി മാറുന്നു. ആശുപത്രി കെട്ടിടത്തിനു സമീപം വിവിധ മാലിന്യം ഉൾപ്പെടെ തള്ളുന്നതാണ് കാരണം.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ നായ്ക്കൾ തമ്പടിക്കുകയാണ്. ആശുപത്രി വരാന്തയിലും വാർഡിലും തെരുവ് നായ്ക്കൾ അലഞ്ഞു തിരിയുന്നതു രോഗികൾക്കും ഭീഷണിയായി.

മെഡിക്കൽ ക്യാംപസിൽ നായ്ക്കൾ കുറുകെ ചാടി വാഹനാപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ആശുപത്രി കെട്ടിട പരിസരത്ത് അലക്ഷ്യ​മായി ആക്രി വസ്തുക്കൾ കൂട്ടിയിട്ട ഭാഗത്തു തെരുവു നായ്ക്കൾ ആവാസ സ്ഥലമാക്കി.

പകൽ നേരത്തും ആശുപത്രിയിൽ എത്തുന്നവരും നായ്ക്കളുടെ ആക്രമണം നേരിടേണ്ട അവസ്ഥയാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭീഷണി സൃഷ്ടിക്കുകയാണ്.

“ആശുപത്രിയിൽ ചികിത്സയ്ക്കും ജോലിക്കും മറ്റു ആവശ്യത്തിനും എത്തുന്നവരുടെ സുരക്ഷയ്ക്ക് അധികൃതർ അടിയന്തരമായി ഇടപെടണം. മുൻകരുതലുകൾ സ്വീകരിച്ച് തെരുവ് നായ്ക്കളുടെ ഭീഷണി ഒഴിവാക്കണം.”

-പി.ഐ.ശ്രീധരൻ (പരിയാരം മെഡിക്കൽ കോളജ് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ്)”ആശുപത്രിയിലും പരിസരത്തും തെരുവു നായ്ക്കളുടെ വിളയാട്ടം ആശങ്കയുണ്ടാക്കുന്നു. നായ്ക്കളെ പിടികൂടി മാറ്റാൻ നടപടി സ്വീകരിക്കണം.”
– സി.രാജീവൻ (പരിയാരം മെഡിക്കൽ കോളജ് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി)

“തെരുവുനായ്ക്കളുടെ ശല്യം കാരണം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇതിന് പരിഹാരം ഉണ്ടാക്കണം.” -കെ.പി.ജയചന്ദ്രൻ (കടന്നപ്പള്ളി)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!