വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ താമസ വിവരം അറിയിക്കണം

Share our post

ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പാന്‍ പ്രവര്‍ത്തന രഹിതമായിട്ടുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ താമസ വിവരം അറിയിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടതില്ലെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞതോടെ പല പ്രവാസികളുടെയും പാന്‍ പ്രവര്‍ത്തനരഹിതമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് വിശദീകരണം നല്‍കുന്നത്. വിദേശത്തു താമസിക്കുന്നവര്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടതില്ലെന്ന് പുതിയ അറിയിപ്പിലും അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ താമസവിവരം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനക്ഷമമല്ലാതാവും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കും ഇതേ പ്രശ്നം നേരിടും. ഇങ്ങനെ സംഭവിച്ചിട്ടുള്ളവര്‍ തങ്ങളുടെ ജൂറിസ്ഡിക്ഷണല്‍ അസസിങ് ഓഫീസറെ ബന്ധപ്പെട്ട് റസിഡന്‍ഷ്യല്‍ വിവരങ്ങള്‍ അറിയിക്കുകയാണ് വേണ്ടത്.  അതേസമയം പാൻ കാർഡ് പ്രവർത്തനരഹിതമായി എന്നതിന് പാൻ നിഷ്ക്രിയമായി എന്ന് അർത്ഥമാക്കേണ്ടതില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം.

പ്രവർത്തനരഹിതമായ പാൻ കാർഡുകൾ കൈവശമുള്ള വ്യക്തികൾക്കും ജൂലൈ 31-നകം നികുതി ഫയൽ ചെയ്യാൻ അനുമതി നൽകും. എന്നാൽ ആധാർ പാൻ ലിങ്കിങ് ചെയ്യാത്തവർക്ക് റീഫണ്ടുകൾ ലഭ്യമാവുകയില്ലെന്ന് മാത്രമല്ല, അത്തരക്കാരിൽ നിന്ന് ഉയർന്ന നിരക്കിൽ   ടിസിഎസും, ടിഡിഎസും ഈടാക്കുകയും ചെയ്യും.

പാൻ കാർഡ് ഉടമകൾ, പാൻ കാർഡ്  സ്റ്റാറ്റസ് സജീവമാക്കാനും, നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള പ്രാരംഭ സമയപരിധി കഴിഞ്ഞെങ്കിലും, പിഴ അടച്ച് ആധാർ പാൻ കാർഡുമായി  ലിങ്ക് ചെയ്യുന്നതിനുള്ള   ഓപ്ഷൻ  ഇപ്പോഴും ഉണ്ട്.

ഇനിയും ആധാർ പാൻ ലിങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തവര്ക്ക് സാമ്പത്തിക ഇടപാടുകൾ സുഗമമായി നടത്താൻ കഴിയാതെ വരികയും  കൂടുതൽ ബുദ്ധിമുട്ടുകളും പിഴകളോ നേരിടേണ്ടിവരുമെന്നും ആദായനികുതിവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!