ഇവിടെയുണ്ട് ഉമ്മൻചാണ്ടിയുടെ കൈയ്യക്ഷരം

Share our post

കണ്ണൂർ: ഉമ്മൻ ചാണ്ടി എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. അതേ സമയം ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് മുന്നിലെത്തേണ്ട ഫയൽക്കൂമ്പാരത്തിന് നടുവിലും. ഉമ്മൻ ചാണ്ടിയുടെ ഹൃദയ വികാരമായിരുന്നു ആർ.കെ.യുടെ കൈയക്ഷരത്തിൽ ഫയലുകളായി ജനങ്ങൾക്ക് സഹായമായി എത്തിയിരുന്നത്.

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ആർ.കെ. ബാലകൃഷ്ണൻ ഉമ്മൻചാണ്ടിയുടെ സന്തത സഹചാരിയായതിന് പിന്നിലൊരു കഥയുണ്ട്. എം.എൽ.എ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് ഒരു ദിവസം കോൺഗ്രസ് നേതാവ് കെ.പി.നൂറുദ്ദീന്റെ കത്ത് കിട്ടുന്നു. അച്ചടിച്ചതു പോലുള്ള കൈയക്ഷരം കണ്ട് അതിശയപ്പെട്ട ഉമ്മൻ ചാണ്ടി മനോഹരമായ കൈയക്ഷരത്തിന്റെ ഉടമയെ നൂറുദ്ദീനെ വിളിച്ച് അപ്പോൾ തന്നെ അന്വേഷിച്ചു.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ. ബാലകൃഷ്ണനെ തേടി ഉമ്മൻചാണ്ടിയുടെ വിളിയെത്താൻ പിന്നെ ഒട്ടും താമസമുണ്ടായില്ല. അന്നു മുതൽ തന്റെ ഉമ്മൻചാണ്ടി ആർ.കെ.യെ ചേർത്തു നിർത്തി. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറി, മുഖ്യമന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിങ്ങനെ ചുമതലകൾ വഹിച്ച് ആർ.കെ. ബാലകൃഷ്ണൻ മനസാക്ഷി സൂക്ഷിപ്പുകാരനായി.

ബാലകൃഷ്ണന്റെ ഫോണിൽ നിന്നാണ് ഉമ്മൻചാണ്ടി ആളുകളെ വിളിക്കുന്നത്. സോളാർ വിവാദസമയത്ത് ആർ.കെ.യുടെ ഫോണും പരിശോധിക്കപ്പെട്ടിരുന്നു. എന്നാൽ ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏത്ര തിരക്കുണ്ടായാലും എല്ലാ ദിവസവും ആർ.കെ.യും ഉമ്മൻചാണ്ടിയും പരസ്പരം കാണും. പുലർച്ചെ അഞ്ചിന് ആർ.കെ. ഉമ്മൻചാണ്ടിക്ക് മുന്നിലെത്തും.

അടച്ചിട്ടമുറിയിൽ അഞ്ചുമിനുട്ട് മാത്രം സംഭാഷണം. മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ കഴിയുന്ന ഉമ്മൻചാണ്ടി ഓരോ ദിവസത്തെയും പ്രവർത്തനം ആസൂത്രണം ചെയ്യാൻ ലഭിക്കുന്ന ആകെ സമയമാണിത്. പൊതുവേദികളിലൊന്നും ആർ.കെയെ ഉമ്മൻചാണ്ടിക്കൊപ്പം കാണാറില്ല.

എന്നാൽ ഉമ്മൻചാണ്ടി രാജിക്കത്ത് സമർപ്പിക്കാനായി ഗവർണറെ കാണാൻ ചെന്ന രണ്ടു വട്ടവും ആർ.കെ. കൂടെയുണ്ടായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലം മട്ടന്നൂരിൽ കഴിയുന്ന അദ്ദേഹത്തിന് ചികിത്സയിൽ കഴിയുന്ന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ സാധിച്ചില്ലെന്നതിന്റെ ദു:ഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ശബ്ദം നഷ്ടപ്പെട്ടപ്പോഴും വീഡിയോ കോളിലൂടെ ഉമ്മൻചാണ്ടി വിളിച്ച് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തിയിരുന്നെന്നും ആർ.കെ. പറഞ്ഞു.ഏറ്റവുമൊടുവിൽ നിയമന വിഷയവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദമായപ്പോൾ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാനായി മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരും അയച്ച ശുപാർശകത്തുകൾ നിയമസഭയിൽ എത്തിച്ചപ്പോഴാണ് ആർ.കെ എന്ന പേര് കേരളം അറിയുന്നത്.” ആർ.കെ ചേട്ടാ, . ഡിയർ ആർ.കെ, മസ്റ്റ് കെയർ… എന്നു തുടങ്ങുന്ന കത്തുകളായിരുന്നു അവയിൽ ഭൂരിപക്ഷവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!