തിരുവനന്തപുരം: ബി.ജെ.പി- ആർ.എസ്.എസ് മയക്കുമരുന്ന് ക്വട്ടേഷൻ സംഘം അരുംകൊല ചെയ്‌ത ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാകമ്മിറ്റി അംഗം അമ്പാടിയുടെ കൊലപാതകത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷമാക്കി മാറ്റിയ മനോരമ വാർത്തയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
അത്രയും മലീമസമായ മനസ്സിൽ നിന്ന് മാത്രമേ ഇത്രയും നീചമായ തലക്കെട്ട് പിറക്കുകയുള്ളൂ. സാമൂഹിക തിന്മകൾക്കെതിരെ പോരാടി മരിച്ച ഒരു ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചു കൊണ്ട് മനോരമ അവരുടെ രാഷ്ട്രീയ വൈരം തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
സഖാവ് അമ്പാടി ഏത് ക്രിമിനൽ കേസുകളിലാണ് പ്രതിയായിരുന്നതെന്നു, എങ്ങനെയാണ് ഗുണ്ടാ സംഘത്തിൽ പെട്ടയാളായതെന്നും മനോരമ വ്യക്തമാക്കണം. ധീരനായ രക്തസാക്ഷിയെ അപമാനിക്കാനുള്ള ശ്രമം വകവെച്ചു തരാൻ തത്കാലം മനസ്സില്ലെന്നും സനോജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
മലയാള മനോരമയുടെ ജനിതകദോഷമായ കമ്യൂണിസ്റ്റ് / പുരോഗമനവിരുദ്ധത ഒരു തരത്തിലും അവസാനിപ്പിക്കാൻ അവർ ഉദ്ദേശിക്കുന്നില്ല എന്ന് തെളിയിക്കുന്നതാണ് കായംകുളത്ത് അതി ദാരുണമായി കൊല ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തെ ആ പത്രം റിപ്പോർട്ട് ചെയ്ത രീതി.
സാമൂഹ്യ ഇടപെടലുകളിലും, ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത മയക്കുമരുന്ന് /ക്രിമിനൽ സംഘങ്ങൾക്ക് എതിരായ പ്രവർത്തനങ്ങളിലും വ്യാപൃതനായി സമൂഹത്തിന് മാതൃകയായ ഒരു സഖാവായിരുന്നു കൊല്ലപ്പെട്ട അമ്പാടി. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം.
പ്രദേശത്തെ ഏതൊരു മനുഷ്യനും നല്ല വാക്കുകൾ മാത്രം പറയാനുള്ള ഇരുപത്തൊന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു യുവാവ്. അങ്ങനെയൊരു ചെറുപ്പക്കാരനെ ക്വട്ടേഷൻ – ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തിയ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തത് “ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റു മരിച്ചു ” എന്നാണ്.
അത്രയും മലീമസമായ മനസ്സിൽ നിന്ന് മാത്രമേ ഇത്രയും നീചമായ തലക്കെട്ട് പിറക്കുകയുള്ളൂ. സാമൂഹിക തിന്മകൾക്കെതിരെ പോരാടി മരിച്ച ഒരു ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചു കൊണ്ട് മനോരമ അവരുടെ രാഷ്ട്രീയ വൈരം തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് – ക്രിമിനൽ സംഘങ്ങൾക്കെതിരെ അതി ശക്തമായ നിലപാട് കൈക്കൊണ്ട് മുന്നോട്ട് പോകുന്ന യുവജന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. പ്രാദേശിക ഷാഡോ വളണ്ടിയർമാരെ പോലും നിയോഗിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം തടയാൻ സംഘടന ശ്രമിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ അത്തരം ക്രിമിനൽ കൂട്ടങ്ങളുടെ കണ്ണിലെ കരടാണ് അതിനെതിരെ നിലകൊള്ളുന്ന ഡി.വൈ.എഫ്.ഐക്കാരൻ. അതിന്റെ പേരിൽ കഴിഞ്ഞ കാലങ്ങളിൽ അനേകം ഡി.വൈ.എഫ്.ഐ സഖാക്കൾ ആക്രമിക്കപ്പെട്ട സംഭവം നമ്മൾ കണ്ടിട്ടുണ്ട്.
ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് മനോരമയുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പക്ഷെ സാമൂഹ്യ തിന്മകൾക്കെതിരെ ജീവൻ കൊടുത്ത് പൊരുതുന്ന ഞങ്ങളുടെ സഖാക്കളെ അപമാനിക്കാൻ നിങ്ങളെ അനുവദിക്കുകയുമില്ല.
സഖാവ് അമ്പാടി ഏത് ക്രിമിനൽ കേസുകളിലാണ് പ്രതിയായിരുന്നതെന്നു, എങ്ങനെയാണ് ഗുണ്ടാ സംഘത്തിൽ പെട്ടയാളായതെന്നും മനോരമ വ്യക്തമാക്കണം. ധീരനായ രക്തസാക്ഷിയെ അപമാനിക്കാനുള്ള ശ്രമം വകവെച്ചു തരാൻ തത്കാലം മനസ്സില്ല.
കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ കൊന്നയാൾക്ക് പക്ഷമില്ലാതെ ‘വെട്ടേറ്റു മരിക്കൽ’ എന്ന പല്ലവി ആവർത്തിച്ചിരുന്ന മാദ്ധ്യമങ്ങൾ ഇപ്പോൾ ഒരുപടി കൂടി കടന്ന് അവരെ ഗുണ്ടകളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഹൃദയപൂർവ്വം പദ്ധതിക്കായി പൊതിച്ചോർ ശേഖരിക്കാൻ ഓടി നടന്ന് സാമൂഹ്യ പ്രവർത്തനത്തിൽ വ്യാപൃതനായൊരു ചെറുപ്പക്കാരനെയാണ് നിങ്ങൾ ഗുണ്ടയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം എന്ത് തോന്ന്യാസവും അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മര്യാദയുടെ ഭാഷയിൽ മനോരമയെ ഓർമിപ്പിക്കുന്നു.