ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി: നടുവിൽ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും വരുന്നു

Share our post

കണ്ണൂർ : പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു. 3000ൽ അധികം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പച്ചവിരിച്ച പുൽമേടുമായി പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ടൂറിസം കേന്ദ്രമാണ്.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്ക് ആവശ്യമായ ധനവിനിയോഗം നടത്തുക. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി ഒരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്തായി ഒരുക്കുന്ന പാർക്കിനും റിസോർട്ടിനുമായി ടൂറിസം വകുപ്പിന്റെ 49.80 ലക്ഷം രൂപയും പഞ്ചായത്തിന്റെ 33.20 ലക്ഷം രൂപയും ചേർത്ത് ആകെ 83 ലക്ഷം രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. ഇതിൽ പഞ്ചായത്തിന്റെ വിഹിതം ചെലവഴിച്ചതിന് ശേഷമാണ് ടൂറിസം വകുപ്പിന്റെ വിഹിതം ലഭിക്കുക.

ജില്ലയിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ഇതിന്റെ ആദ്യഘട്ടത്തിൽ പാർക്കും സഞ്ചാരികളുടെ താമസസൗകര്യത്തിനായി രണ്ട് കോട്ടേജുകളും വിശ്രമമുറിയുമാണ് ഒരുക്കുന്നത്. കൂടാതെ പാർക്കിംഗ് ഏരിയ, സ്വിമ്മിങ് പൂൾ, മിനി ആംഫി തിയറ്റർ, റെസ്‌റ്റോറൻറ്, റിസപ്ഷൻ ഏരിയ തുടങ്ങിയവയുടെ പണിയും ഈ ഘട്ടത്തിൽ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജുകൾ, ജിം, മിനി ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായുള്ള കളിസ്ഥലം, വൈ-ഫൈ സോൺ തുടങ്ങിയവയാണ് നിർമ്മിക്കുക. പാർക്ക് ഒരുക്കുന്നതിന്റെ ഭാഗമായി റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര ലൈറ്റുകൾ, പാർക്കിനായുള്ള കെട്ടിടനിർമ്മാണം എന്നിവ കൂടി കുട്ടിപ്പുല്ലിൽ സാധ്യമാക്കും. ഓഫീസ്, റെസ്റ്റോറന്റ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ടോയിലറ്റ് സൗകര്യം തുടങ്ങിയവയാണ് പാർക്കിനായി ഒരുക്കുന്ന കെട്ടിടത്തിലുണ്ടാവുക.

പ്രകൃതിയോടിണങ്ങി നിൽക്കുന്ന പ്രദേശമായതിനാൽ അവ നിലനിർത്തികൊണ്ട് തന്നെ റിസോർട്ടുകൾ പണിയും. മണ്ണിന് പ്രശ്‌നമുണ്ടാകാത്ത രീതിയിലാണ് കെട്ടിടങ്ങൾ നിർമ്മിക്കുക. ഇത് മഴവെള്ളത്തിന്റെ ഒഴുക്കിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി പൂർത്തിയാവുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. മലയോര മേഖലയായതിനാൽ ജീപ്പ് സവാരിയിലൂടെ ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ ലഭിക്കും. അതോടൊപ്പം പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ റിസോർട്ടിലേക്ക് വിലയ്ക്ക് നൽകുന്നതോടെ അവർക്കും വരുമാന മാർഗം സൃഷ്ടിക്കാൻ കഴിയും.

ജില്ലയിലെ പൈതൽമലയും പാലക്കയം തട്ടും കഴിഞ്ഞാൽ ഏറെ പ്രിയമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കുട്ടിപ്പുല്ല്. കോടമഞ്ഞ് പുതച്ചും പച്ച വിരിച്ചും കുട്ടിപ്പുല്ല് സഞ്ചാരികളെ ആകർഷിക്കുന്നു. നിരവധി പേരാണ് ഇവിടെ ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ഇതിന്റെ സാധ്യതകൾ മനസ്സിലാക്കിയാണ് പഞ്ചായത്ത് ഇവിടെ ടൂറിസം വികസനത്തിനുള്ള നടപടികളാരംഭിച്ചത്. പൈതൽമലയ്ക്കും പാലക്കയംതട്ടിനും ഇടയിലായിട്ടാണ് കുട്ടിപ്പുല്ല്. പൈതൽ മലയുടെ പടിഞ്ഞാറൻ ചെരിവ് കയ്യെത്തും ദൂരത്തിൽ കുട്ടിപ്പുല്ലിൽ നിന്നും കാണാം.

കുടിയാന്മല പാത്തൻപാറ മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്ക് എത്തിച്ചേരാം. കരുവൻചാൽ-പാത്തൻപാറ വഴിയും കുടിയാന്മല റോഡിൽ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തുനിന്ന് മൂന്ന് കിലോമീറ്റർ ദൂരം യാത്ര ചെയ്താലും ഇവിടെ എത്താം. തളിപ്പറമ്പിൽനിന്ന് 41 കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം. അതുപോലെ കുടിയാന്മലയിൽ നിന്ന് കവരപ്ലാവ് വഴി നേരിട്ടും ഇവിടെ എത്തിച്ചേരാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!