നമ്പര്‍ പ്ലേറ്റ് തിരുത്തി മകന്റെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 6,000 പിഴ

കൊച്ചി: സ്കൂട്ടറിന്റെ അവസാന നമ്പര്‍ ഇളക്കിമാറ്റി പ്രായപൂര്‍ത്തിയാകാത്ത മകന് നടത്തിയ വാഹനയാത്രയില്‍ അമ്മയ്ക്കെതിരേ കേസെടുത്ത് മോട്ടോര്‍ വാഹന വിഭാഗം. മൂവാറ്റുപുഴ സ്വദേശിനിക്കെതിരേയാണ് 6,000 രൂപ പിഴ ചുമത്തിയത്.
ഇവരുടെ 17 വയസുകാരനായ മകനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന നമ്പര്‍ ചുരണ്ടിമാറ്റി സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തത്. വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചുപോയ ആളെ എ.എം.വി.ഐമാരായ മെൽവിൻ, ജോബിൻ, രാജേഷ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിശദമായി പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റിലെ ഒരക്കം ഇളക്കിമാറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ആര്‍ടിഒ സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചശേഷം മൂവാറ്റുപുഴയിലുള്ള ഉടമയുടെ വീട്ടിലെത്തി.
പരിശോധനയില്‍ പുറകിലെ നമ്പര്‍ പ്ലേറ്റിലെ അവസാന അക്കവും മുൻപിലെ രണ്ടക്കങ്ങളും ഇളക്കിമാറ്റിയെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് പിഴ ഈടാക്കിയത്.