മാനന്തവാടി– മട്ടന്നൂർ നാലുവരിപ്പാത: പേരാവൂരിൽ സമാന്തരപാതയുടെ അതിരളവ് തുടങ്ങി

Share our post

പേരാവൂർ : നിർദിഷ്ട മാനന്തവാടി– മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സമാന്തരപാതയ്‌ക്ക്‌ പേരാവൂരിൽ അതിർത്തി നിർണയിച്ച്‌ കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചു. പേരാവൂർ കൊട്ടംചുരംമുതൽ തെരുവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന പാതയ്‌ക്ക്‌ കല്ലിടുന്ന പ്രവൃത്തിയാണ്‌ തുടങ്ങിയത്‌.  

കൊട്ടിയൂർ അമ്പായത്തോട് മുതൽ മട്ടന്നൂർവരെയുള്ള 40 കിലോമീറ്റർ പാതയിൽ അതിര്‌ കല്ലിടൽ 90 ശതമാനത്തോളം പൂർത്തിയായിട്ട്‌ മാസങ്ങളായി. പേരാവൂർ പഞ്ചായത്തിലെ അളവ് പൂർത്തിയാവാത്തതിനാൽ ഭൂവുടമകളും വ്യാപാരികളും ആശങ്കയിലായിരുന്നു.

മാനന്തവാടി– ബോയ്സ് ടൗൺ– പേരാവൂർ– ശിവപുരം– മട്ടന്നൂർ വിമാനത്താവളം റോഡിന്‌ 63.50 കിലോമീറ്ററാണുള്ളത്‌. മാനന്തവാടി മുതൽ ബോയ്സ് ടൗൺവരെ നാലു വരിയും ബോയ്സ് ടൗൺമുതൽ ചുരം ഉൾപ്പെടുന്ന അമ്പായത്തോടുവരെ രണ്ടുവരി പാതയും അമ്പായത്തോടുമുതൽ വിമാനത്താവളംവരെ നാലുവരി പാതയുമായാണ്‌ നിർമിക്കുക. 24 മീറ്റർ വീതിയിലാണ്‌ നിർമാണം. ആദ്യഘട്ടത്തിൽ അമ്പായത്തോടുമുതൽ മട്ടന്നൂർവരെയുള്ള ഭാഗത്തിന്റെ നവീകരണത്തിനായി 90.60 ഹെക്ടർ ഭൂമി ഏറ്റെടുക്കും. കേളകം, പേരാവൂർ, മാലൂർ, തൃക്കടാരിപ്പൊയിൽ, ശിവപുരം എന്നിവിടങ്ങളിലാണ്‌ സമാന്തരപാത ഒരുങ്ങുന്നത്‌. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!