കൃഷ്ണേട്ടൻ അന്തിയുറങ്ങും സ്വന്തം വീട്ടിൽ; വീട് നിർമിച്ച് നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

Share our post

കടത്തിണ്ണകളിലും ഷെഡുകളിലും മാത്രം കിടന്നുറങ്ങിയ മഴക്കാലങ്ങളാണ് ചെറുതാഴം പീരക്കാം തടത്തിലെ പാണച്ചിറമ്മൽ കൃഷ്ണേട്ടന്റെ ഓർമകളിൽ മുഴുവൻ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കൊച്ചു വീട്ടിൽ മഴയും വെയിലുമേൽക്കാതെ ഇനി കൃഷ്ണേട്ടന് കിടന്നുറങ്ങാം. ഇടിഞ്ഞു വീഴാറായ കൊച്ചു ഷെഡിൽ ഒറ്റക്ക് കഴിയുന്ന 72 കാരന്റെ ദയനീയാവസ്ഥ കണ്ട നാട്ടുകാരും ജനപ്രതിനിധികളും മുൻകൈയെടുത്തു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പി ഷാജിറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്ത മാസം തന്നെ വീട് നിർമാണം ഏറ്റെടുത്തു. 2016-17 വർഷം പി. എം. എ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിന് ധനസഹായം അനുവദിച്ചു.

പക്ഷെ വീടിനു മുകളിലൂടെ എച്ച്. ടി ലൈൻ കടന്നു പോകുന്നതിനാൽ വീട് പണി പകുതി വഴിയിൽ മുറിഞ്ഞു. അൽപം കാത്തിരിക്കേണ്ടി വന്നെങ്കിലും കെ. എസ്. ഇ. ബി ലൈൻ മാറ്റി സ്ഥാപിച്ചത് പ്രതീക്ഷ നൽകി. ജനകീയ കമ്മിറ്റി രൂപീകരിച്ചു വീട് പണി തുടർന്നു.

2022-23 വാർഷിക പദ്ധതിയിൽ ബ്ലോക്ക്, ജില്ല ഗ്രാമ പഞ്ചായത്ത് വിഹിതവും കേന്ദ്ര വിഹിതവും ഉപയോഗിച്ച് വീട് പണി പൂർത്തീകരിക്കുന്നതിന് തുക നൽകി. 3,68000 രൂപ ചെലവിലാണ് രണ്ട് സെന്റിൽ ഒരു കൊച്ചു വീടൊരുക്കിയത്.

‘അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ ഏറെയുണ്ട്. അടച്ചുറപ്പുള്ള വീട് കിട്ടിയ സന്തോഷം ഒരുപാടാണ്. വെള്ളവും വൈദ്യുതിയുമുണ്ട്. കിടന്നുറങ്ങാൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് കട്ടിലും തന്നു’- കൃഷ്ണന്റെ വാക്കുകളിൽ നിറയെ സന്തോഷം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!