നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനം
നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക.
നിലവില്‍ തപാല്‍ മാര്‍ഗ്ഗമാണ് നിയമന ശുപാര്‍ശകള്‍ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലില്‍ നിന്നും നിയമന ശുപാര്‍ശ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
ക്യു. ആര്‍ കോഡോടു കൂടിയുള്ള നിയമന ശുപാര്‍ശാ മെമ്മോയായിരിക്കും പ്രൊഫെയിലില്‍ ലഭ്യമാക്കുക. അവ സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കുവാന്‍ നിയമനാധികാരികള്‍ക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാര്‍ശ മെമ്മോകള്‍ യഥാസമയം ലഭിച്ചില്ലെന്ന പരാതികള്‍ക്ക് ഇതോടെ പരിഹാരമാവും.
കാലതാമസമില്ലാതെ നിയമന ശുപാര്‍ശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാര്‍ശാകത്തുകള്‍ ഇ- വേക്കന്‍സി സോഫ്റ്റ് വെയര്‍ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.