ജോറാകും മാലൂരിലെ പെണ്ണുങ്ങൾ

Share our post

മാലൂർ : മാനസികവും ശാരീരികവുമായ കരുത്ത് പകർന്ന് സ്ത്രീകളെ ഫിറ്റാക്കാൻ മാലൂരിൽ പെണ്ണിടങ്ങൾ ഒരുങ്ങുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായും വനിതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വനിതകൾക്കും പുരുഷന്മാർക്കുമായും മാലൂരിൽ ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒരുങ്ങുകയാണ്. പനമ്പറ്റയിലെ വയോജന ക്ഷേമ മന്ദിരത്തിൽ ആഗസ്‌തിലാണ്‌ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വനിതാ ഫിറ്റ്നസ് കേന്ദ്രം പ്രവർത്തനമാരംഭിക്കുക.

പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച്‌ സെന്റർ സജ്ജീകരിച്ചത്. ട്രെഡ്മിൽ, ജിം ബെഞ്ച്, ഡംബെല്ലുകൾ, സൈക്കിൾ, പുഷ്അപ്പ് ബാറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഒരുക്കിയത്. കാർഡിയോ ട്രെയിനിങ്, ഡയറ്റ് ന്യൂട്രീഷൻ, വെയിറ്റ് ലോസ്, വെയിറ്റ് ഗെയിൻ, വെയിറ്റ് കൺട്രോൾ ട്രെയിനിങ്‌, പേഴ്സണൽ ട്രെയ്‌നിങ്‌ തുടങ്ങിയവയാണ് ലഭ്യമാകുക. വനിതാ ട്രെയിനറെയും രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിനും പൊതുവായ പ്രവർത്തനങ്ങളുടെ സംഘാടനത്തിനും കെയർ ടേക്കറെയും നിയമിക്കും.

ജനകീയ പരിപാലന സമിതി മേൽനോട്ടത്തിലാണ്‌ ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുക. രാവിലെയും വൈകിട്ടുമാണ് കേന്ദ്രം പ്രവർത്തിക്കുക. നിശ്‌ചിത തുക ഫീസായി ഈടാക്കും.

മാലൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ ഫിനിക്സ് ഫിറ്റ്നസ് കേന്ദ്രം ജൂൺ 25നാണ് പ്രവർത്തനമാരംഭിച്ചത്. 30 പേരിൽ തുടങ്ങിയ കേന്ദ്രത്തിൽ ഒരു മാസംകൊണ്ട് 60 വനിതകളെത്തി. സൂംബ പരിശീലനമാണ് നിലവിലുള്ളത്. ട്രെഡ്മിൽ, ജിം ബെഞ്ച്, ഡംബെല്ലുകൾ, സൈക്കിൾ, പുഷ്അപ്പ് ബാറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉടൻ സജ്ജീകരിക്കും. 20 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. രണ്ടാമത്തെ ബാച്ച്‌ അടുത്ത ദിവസം ആരംഭിക്കും. വിദഗ്‌ധ പരിശീലകരെ നിയമിച്ച് മാലൂരിലെ വനിതകളെ കായികക്ഷമതയുള്ളവരാക്കുകയാണ്‌ ഉദ്ദേശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!