മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ മാലിന്യക്കൂമ്പാരം

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മാലിന്യക്കൂമ്പാരം. മഴയിൽ പുഴകളിലൂടെയും മറ്റും കടലിലെത്തിയ മാലിന്യമാണ് കരയിലേക്ക് തിരമാലകൾ അടിച്ചുകയറ്റിയത്.
കിലോമീറ്ററോളം നീളത്തിൽ കരയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുൾപ്പെടെ മാലിന്യം നിറഞ്ഞു.
വലയിട്ട് മീൻപിടിക്കുന്നവർ മാലിന്യം വലയിൽ കുടുങ്ങിയത് കാരണം ദുരിതത്തിലായി. ദിവസവും ടൺകണക്കിന് മാലിന്യമാണ് കരയിലേക്ക് അടിച്ചുകയറുന്നതെന്ന് പ്രദേശത്തുകാർ പറഞ്ഞു. പുഴയിലും തോട്ടിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മഴക്കാലത്ത് കടലിലേക്കെത്തുന്നതാണെന്നും അവർ പറഞ്ഞു.
ബീച്ചിലെ ശുചീകരണ തൊഴിലാളികൾ കഠിന ശ്രമത്തിലൂടെയാണ് തീരത്തേക്ക് അടിച്ചുകയറിയ മാലിന്യം ശേഖരിക്കുന്നത്.