ആറളം ആനമതിൽ: ഫീൽഡ് പ്രവൃത്തികൾ വ്യാഴാഴ്ച തുടങ്ങും

Share our post

ആറളം: ഫാമിൽ ആനമതിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഫീൽഡ് പ്രവൃത്തികൾ വ്യാഴാഴ്ച തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആനമതിൽ നിർമ്മാണ പ്രവൃത്തികൾ ആഗസ്റ്റ് ആദ്യ വാരം തുടങ്ങും. ആനമതിലിനുള്ള സർവ്വേ സ്‌കെച്ച് നേരത്തെ തയ്യാറാക്കിയത് വനം വകുപ്പിന്റെ കൈയിലുണ്ട്.

ഇതുപ്രകാരം ആനമതിൽ നിർമ്മിക്കേണ്ട സ്ഥലം അന്തിമമായി രേഖപ്പെടുത്തും. ഈ സ്ഥലങ്ങളിൽ ടി.ആർ.ഡി.എമ്മിന്റെ സ്ഥലത്തുനിന്നും ആറളം ഫാമിൽനിന്നും ആറളം വന്യജീവി സങ്കേതത്തിൽനിന്നും മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയ്യാറാക്കി സോഷ്യൽ ഫോറസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. മുറിക്കേണ്ട മരങ്ങളുടെ മൂല്യനിർണയം നാല് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

മരം മുറിച്ച ശേഷം ലേലം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. മതിൽ നിർമ്മാണത്തിന് മുന്നോടിയായി സാധനങ്ങൾ കൊണ്ടുപോവാനുള്ള കൂപ്പ് റോഡ് നിർമ്മിക്കും. മതിൽ നിർമ്മാണ വേളയിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി വനം വകുപ്പിന്റെ ആർ.ആർ.ടിയുടെ സേവനം ഉണ്ടാവും. ആനമതിൽ നിർമ്മാണം തുടങ്ങുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണമെന്ന് കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശിച്ചു.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, എ.ഡി.എം കെ. കെ. ദിവാകരൻ, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ടി.ആർ.ഡി.എം, സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!