പതിനാലുകാരിയെ പീഡിപ്പിച്ചത് രണ്ട് തവണ; യുവാവിന് 13 വര്‍ഷം കഠിനതടവ്

Share our post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് സ്വദേശി ഉണ്ണി(24)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

പതിനാലുവയസ്സുകാരിയെ രണ്ടുതവണ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. 2017-ല്‍ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ആദ്യസംഭവം. കുട്ടിയെ ബലമായി വീട്ടിലെ മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയാണ് അതിക്രമത്തിനിരയാക്കിയത്. കുട്ടി ഓടിരക്ഷപ്പെട്ടു. പിന്നീട് 2021-ലും പെണ്‍കുട്ടിക്ക് നേരേ പ്രതിയുടെ അതിക്രമമുണ്ടായി. ഇത്തവണയും ബലമായി പിടിച്ചുകൊണ്ടുപോയി വായില്‍ തുണി തിരുകിയായിരുന്നു പീഡനം. ഒടുവില്‍ ബഹളംവെച്ചപ്പോഴാണ് പ്രതി കുട്ടിയെ വിട്ടയച്ചത്.

പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയംകാരണം പെണ്‍കുട്ടി ഇതേക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ഇവിടെയും പീഡനവിവരം വെളിപ്പെടുത്തിയില്ല. എന്നാല്‍, പ്രതി വീണ്ടും അതിക്രമത്തിന് ശ്രമിച്ചതോടെ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.

പാങ്ങോട് എസ്.ഐ ജെ.അജയനാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. കേസില്‍ 15 സാക്ഷികളെയും 21 രേഖകളും ആറ് തൊണ്ടിമുതലകളും ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!