യുവതിയെ തട്ടിക്കൊണ്ടുപോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

Share our post

തങ്കമണിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ അനീഷ് ഖാന്‍, യദു കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയുമാണ് ഇടുക്കി തങ്കമണി പോലീസ് കേസെടുത്തത്. അനീഷ് ഖാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവും ഇത്തവണ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളുമാണ്. യദുകൃഷ്ണന്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

കേസിലെ ഒന്നാംപ്രതിയായ അനീഷ് ഖാന്റെ ബന്ധുവായ യുവതിയെയാണ് മൂന്നുവാഹനങ്ങളിലെത്തിയ സംഘം തങ്കമണിയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും തങ്കമണി സ്വദേശിയായ രഞ്ജിത് എന്നയാളും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ഒരുക്ഷേത്രത്തില്‍വെച്ച് തങ്ങള്‍ വിവാഹിതരായെന്നാണ് ഇവരുടെ അവകാശവാദം. ഇരുവരും രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് കൊല്ലത്തുനിന്നെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ തട്ടിക്കൊണ്ടുപോയത്.

രഞ്ജിത്, ഇദ്ദേഹത്തിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരെ ആക്രമിച്ചശേഷമാണ് ഇവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതെന്നാണ് ആരോപണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. മൂന്നുവാഹനങ്ങളിലായെത്തിയ സംഘം വീട്ടിലേക്ക് ഇരച്ചെത്തിയെന്നും മിനിറ്റുകള്‍ക്കുള്ളില്‍ യുവതിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും പരാതിക്കാര്‍ പറയുന്നു.

അതിനിടെ, ഇടുക്കിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതികള്‍ കൊല്ലം ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതി തനിക്ക് രഞ്ജിത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് പറഞ്ഞു. ഇതോടെ യുവതിയെ യുവാവിനൊപ്പം വിട്ടയച്ചു. എന്നാല്‍, ഇരുവരും ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ പ്രതികള്‍ വാഹനം തടഞ്ഞ് വീണ്ടും യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തില്‍ തങ്കമണി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!