കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും

Share our post

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും.

ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്.

പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ.

രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.

ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!