തലശേരി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്‌ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്‌നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട് നാലിന് സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി .എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് സയ്യിദ് മൊയിനലി ശിഹാബ് തങ്ങൾ, എൻ. അലി അബ്ദുള്ള, പി. കെ. ഉമ്മർ മൗലവി കോയ്യോട്, ധർമചൈതന്യ സ്വാമികൾ, ഫാ. ജോസഫ് മുട്ടത്ത് കുന്നേൽ, എ. ശാന്തകുമാരി എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, സി. എൻ ചന്ദ്രൻ, അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. പി. എം സുരേഷ്‌ബാബു, ഡോ. ഷീന ഷുക്കൂർ, യു .ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, കെ. കെ. ജയപ്രകാശ്, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിക്കും.
കർണാടക തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ നടന്ന ഭോപാൽ യോഗത്തിലാണ് ഏക സിവിൽകോഡിനായുള്ള വാദം പ്രധാനമന്ത്രി അവതരിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് മത ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന അജൻഡയാണ് ഏക സിവിൽകോഡ് പുറത്തെടുത്തതിനു പിന്നിൽ. ഇന്ത്യയെ പോലെ വൈവിധ്യങ്ങൾ ഏറെയുള്ള രാജ്യത്ത് ധൃതിപിടിച്ച് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്. ഭരണഘടനാ നിർമാതാക്കൾതന്നെ രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ് വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാൻ അനുവദിച്ചത്.
ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, പാരമ്പര്യാവകാശം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം എന്നിവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ് വ്യക്തിനിയമങ്ങളിലുള്ളത്.
ഈ വ്യത്യസ്‌തതയും ബഹുസ്വരതയും ഒറ്റയടിക്ക് അവസാനിപ്പിച്ച് ഏകനിയമം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല. വ്യക്തിനിയമ പരിഷ്‌കരണമെന്നത് അതത് സമുദായത്തിനകത്തുനിന്ന് ഉയരേണ്ടതാണ്. സിവിൽകോഡ് ഏതെങ്കിലുമൊരു മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ജയരാജൻ പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ പ്രൊഫ. എ. പി സുബൈർ, ജനറൽ കൺവീനർ കാരായി രാജൻ, കൺവീനർമാരായ എം. സി പവിത്രൻ, സി കെ രമേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏക സിവിൽകോഡ്
കോൺഗ്രസിന്
ഏകാഭിപ്രായമില്ല:
എം. വി ജയരാജൻ
തലശേരി
ഏക സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തമായ നയമോ അഭിപ്രായമോ ഇല്ലെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കരട് രൂപമാകാത്ത ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചതന്നെ അനാവശ്യമാണെന്നാണ് ശശി തരൂർ പറയുന്നത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽകോഡിനെ പിന്തുണക്കുന്നു.
അനൈക്യവും അവ്യക്തതയുമാണ് അവരുടെ നിലപാടുകളിൽ. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതുകൊണ്ടാണിത്. വ്യക്തമായ നിലപാട് സ്വീകരിക്കാത്തവരെ എങ്ങനെയാണ് സെമിനാറിലേക്ക് ക്ഷണിക്കാനാവുകയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം വി ജയരാജൻ പറഞ്ഞു.
വളരെ സങ്കീർണമായ നിയമമാറ്റം ഇപ്പോൾ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന നിഗമനത്തിലാണ് 21ാം നിയമകമീഷൻ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ട് മുന്നിലുള്ളപ്പോൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള സാധ്യത ആരായാൻ എന്തിന് മറ്റൊരു കമീഷനെ നിയോഗിച്ചു. ഏക സിവിൽകോഡിന് അനുകൂലമായി ഇ എം എസ് പറഞ്ഞുവെന്നത് പച്ചക്കള്ളമാണ്. ദേശാഭിമാനിയിൽ 1985 ജൂലൈ 12ന് എഴുതിയ ‘ലീഗ് മെമ്പർമാർക്കൊരു തുറന്ന കത്ത്’ എന്ന ലേഖനത്തിലും ചിന്തയിലെ ചോദ്യോത്തര പംക്തിയിലും കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സിപിഐ എമ്മിന് അന്നും ഇന്നും ഒരേ അഭിപ്രായമാണ്. കേരളത്തിലും ഡൽഹിയിലും ഒരേ നിലപാടാണെന്നും ജയരാജൻ പറഞ്ഞു.