കൂട് പൊളിച്ച് തെരുവുനായകൾ 500 കോഴികളെ കൊന്നൊടുക്കി

പയ്യന്നൂർ: കോഴിഫാമിന്റെ കൂട് പൊളിച്ച് തെരുവുനായകൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കോറോം മുത്തത്തി കിഴക്കേക്കരയിലാണ് തെരുവുനായകൾ 500 കോഴികളെ കൊന്നത്. മുത്തത്ത്യൻ ചന്ദ്രിയുടെ കോഴിഫാമിലാണ് തെരുവുനായകളുടെ വിളയാട്ടം.
ഞായർ രാത്രിയിലാണ് സംഭവം. കോഴിക്കൂട് കടിച്ചു മുറിച്ച് അകത്തുകടന്നാണ് 28 ദിവസം പ്രായവും ഒന്നരക്കിലോയോളം തൂക്കവും വരുന്ന 500 കോഴികളെ കൊന്നൊടുക്കിയത്. ഏകദേശം 80,000 രൂപ നഷ്‌ടം കണക്കാക്കുന്നു.
പയ്യന്നൂരിലെ വെറ്ററിനറി ഡോക്ടർ എസ്. ഹരികുമാർ, അസി. ഫീൽഡ് ഓഫീസർ മധുസൂദനൻ, കൗൺസിലർ കെ. എം. ചന്തുക്കുട്ടി തുടങ്ങിയവർ ഫാമിലെത്തി പരിശോധന നടത്തി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും മുമ്പും പല വീടുകളിലും കോഴിയെ തെരുവുനായകൾ കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.