മഴയിലലിഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് മാടായിപ്പാറയിലെ മഴ ക്യാംപുകൾ

പഴയങ്ങാടി : മഴ നനഞ്ഞും ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും മാടായിപ്പാറയിൽ വിവിധ സംഘടനകളും കൂട്ടായ്മകളും മഴ ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്. ക്യാംപുകളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ആളുകൾ എത്താറുണ്ട്.
രാത്രി വൈകുംവരെ മഴ നനഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് അവരങ്ങനെ നടക്കും. നാനാതരം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളുമെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് മാടായിപ്പാറയിൽ മഴ ക്യാംപിന് എത്തുന്നവരെ വിസ്മയിപ്പിക്കുന്നത്.
പ്രമുഖ പരിസ്ഥിതി സംഘടനയായ സീക്ക് (സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള) ആണ് മാടായിപ്പാറയിൽ 1998ൽ മഴ ക്യാംപിനു തുടക്കം കുറിച്ചത്. പിന്നീട് എല്ലാ വർഷവും മുടങ്ങാതെ ഇവർ മഴ ക്യാംപുകൾ നടത്തി വരുന്നു.
കോവിഡ് കാലഘട്ടത്തിൽ മാത്രമാണു മുടങ്ങിയത്. ഉത്തര കേരളത്തിലെ ചെങ്കൽ കുന്നുകൾ വെറും തരിശുനിലങ്ങളോ പാറക്കെട്ടുകളോ അല്ലെന്നും ഇത് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ജൈവവൈവിധ്യങ്ങളുടെ കലവറ ആണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കാൻ മഴ ക്യാംപുകൾ വഴിയൊരുക്കി.
സീക്ക് തുടങ്ങിവച്ച മഴ ക്യാംപിന്റെ മാതൃക പിന്നീട് പല സംഘടനകളും ഏറ്റെടുത്തു. ഇക്കുറി മഴ കനക്കും മുൻപേ തന്നെ മഴ ക്യാംപുകൾ തുടങ്ങിക്കഴിഞ്ഞു. ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാടായി മേഖലാ കമ്മിറ്റിയാണ് ഈ വർഷം ആദ്യ ക്യാംപ് നടത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർഥികൾ ഈ ദിവസങ്ങളിലെല്ലാം മാടായിപ്പാറയിൽ എത്തുന്നുണ്ട്. പാറ പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന കാഴ്ച അതിസുന്ദരമാണ്.