തുല്യതാ പരീക്ഷയിൽ സദാനന്ദന് അഭിമാന നേട്ടം

പിണറായി: പ്ലസ്ടു തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അറുപത്തിയഞ്ചുകാരൻ. പിണറായി സുദിനത്തിൽ എം. സദാനന്ദനാണ് മികച്ച മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്ന സദാനന്ദൻ 1991ൽ പെരളശേരിയിലെ കോ ഓപ്പറേറ്റീവ് ആർട്സ് കോളേജിൽനിന്ന് രാത്രികാല ക്ലാസിൽ പങ്കെടുത്താണ് എസ്. എസ്. എൽ. സി വിജയിച്ചത്.
ജീവിത പ്രാരാബ്ധം കാരണം തുടർ പഠനം മുടങ്ങി. 2021 –- ലാണ് സാക്ഷരതാ മിഷന്റെ പ്ലസ്‌ടു തുല്യതാ ക്ലാസിനെക്കുറിച്ചറിഞ്ഞത്. വൈകാതെ തുല്യതാ പഠനം തുടങ്ങി. തുല്യതാ സെൻട്രൽ കോ ഓഡിനേറ്റർ പി. സന്ധ്യകുമാറിന്റെ സഹായവും അധ്യാപകരായ രഹന നാരായണൻ, ബിന്യ എന്നിവരുടെ പിന്തുണയും ലഭിച്ചതായി സദാനന്ദൻ പറഞ്ഞു.
സി.പി.ഐ. എം ആശുപത്രി ബ്രാഞ്ച് സെക്രട്ടറിയും പിണറായി ലോക്കൽ കമ്മിറ്റി അംഗവുമാണ് സദാനന്ദൻ. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗവും പിണറായി ഏരിയാ സെക്രട്ടറിയുമാണ്. മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, ഏരിയാ സെക്രട്ടറി, സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം, തലശേരി ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ :കെ അഖില. ജിതിൻ കെ. സദു, കെ. ജിഷ്ണു പ്രിയ എന്നിവർ മക്കൾ.