‘ഇനിയൊരിക്കലും അനുകരിക്കില്ല’; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കോട്ടയം നസീർ

വേദികളിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ ഏറ്റവുമധികം അനുകരിച്ച താരം കോട്ടയം നസീറും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം. തന്നെ ഒരു സഹോദരനെപ്പോലെ ഉമ്മൻ ചാണ്ടി ചേർത്തുപിടിച്ചെന്നും അനുകരണങ്ങളിലെ വിമർശനം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു. ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ഇനിയൊരിക്കലും അദ്ദേഹത്തെ അനുകരിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
കോട്ടയം നസീറിന്റെ വാക്കുകൾ
വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമര്‍ശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു പിരിഞ്ഞു പോകുന്നതില്‍ വിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കില്‍ സഹോദരന് തുല്യം എന്നെ ചേര്‍ത്തു പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അത്രയും വലിയ രാഷ്ട്രീയ നേതാവാണ്, വലിയ സ്ഥാനങ്ങളിൽ ഇരുന്നയാളാണ്, അതൊരിക്കലും പെരുമാറ്റത്തിലുണ്ടായിട്ടില്ല.
അനുകരിക്കുന്ന ആളുകളെ എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. എന്നാല്‍ അനുകരണത്തെ പോസിറ്റീവ് ആയി കാണുകയും അതിഷ്ടമാണെന്നും അതിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞിരുന്ന വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കൈരളിയില്‍ കോട്ടയം നസീര്‍ ഷോ ചെയ്യുമ്പോഴായിരുന്നു ആന്‍റണി സര്‍ രാജി വെച്ച് ഉമ്മന്‍ചാണ്ടി സര്‍ മുഖ്യമന്ത്രിയാകുന്നത്. അന്നാണ് അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത്. അതുകഴിഞ്ഞ് കാലങ്ങളായി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്. എന്‍റെ പെയിന്‍റിംഗ് എക്‌സിബിഷന്‍ കാണാന്‍ വരെ അദ്ദേഹം വന്നിട്ടുണ്ട്.
കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്, ‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന്‍ സര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല”.