കൊച്ചി കസ്റ്റംസ് റിട്ട. അസി. കമീഷണർ വീടിനകത്ത് മരിച്ചനിലയിൽ

മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക് (83) ആണ് മരിച്ചത്.
മണിപ്പാലിലെ നരസിൻഗെ ക്ഷേത്രം പരിസരത്തെ വീട്ടിൽ വർഷങ്ങളായി തനിച്ചായിരുന്നു താമസം. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
നായകിന് ഭാര്യയും നാലു മക്കളുമുണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മകൾ ആഴ്ച മുമ്പ് സന്ദർശിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.