വ്യാജരേഖ ചമച്ച കേസിൽ ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യും

തൃക്കാക്കര : വ്യാജരേഖ ചമച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് തൃക്കാക്കര പൊലീസ് നോട്ടീസ് അയക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷമാകും നോട്ടീസ് അയക്കുക.
ഡൽഹി സ്വദേശി രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഷാജൻ സ്കറിയ, കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് ഭാഗത്തുള്ള കേരള രജിസ്‌ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത് ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ് വാങ്ങിയെന്നാണ് പരാതി. ഇതിനായി 2018 ജൂലൈ ആറിലെ ബി.എസ്.എൻ.എല്ലിന്റെ ടെലിഫോൺ ബിൽ കൃത്രിമമായി ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
കേരള രജിസ്‌ട്രാർ ഓഫ് കമ്പനീസിനും ബി.എസ്.എൻ.എല്ലിനും തൃക്കാക്കര പൊലീസ് രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാകും തുടർനടപടി. പരാതിക്കാരന്റെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു. വ്യക്തത ആവശ്യമുണ്ടെങ്കിൽ രാധാകൃഷ്‌ണനോട് ഹാജരാകാൻ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.