17 ദിവസം, ആറ് മരണം റോഡുകൾ കുരുതിക്കളം; ഈ മാസം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചതിൽ മൂന്ന് കുട്ടികളും

Share our post

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ പാനൂർ പുത്തൂർ ക്ലബ്ബിനു സമീപം ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു. പിതാവിനു ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പിൽ സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കക്കറയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചതും ചാലക്കുന്നിൽ ബൈക്ക് മറിഞ്ഞു വയനാട് സ്വദേശി മരിച്ചതും ഞായറാഴ്ചയാണ്.

ശ്രീകണ്ഠപുരത്തു പ്ലസ് വൺ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതു ബുധനാഴ്ച. തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചതും മട്ടന്നൂർ കുമ്മാനത്തു കെ.എസ്ആർ.ടി.സി ബസ് ഇടിച്ചു വിദ്യാർഥി മരിച്ചതും ചൊവ്വാഴ്ച.

അന്നു തന്നെ കൈതേരിയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് വീട്ടുമതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം 27ന് ഇരിട്ടി പേരാവൂർ റോഡിൽ കാറിടിച്ച വഴിയാത്രക്കാരൻ ഈമാസം 12നു ആശുപത്രിയിൽ മരിച്ചു.

മാത്തിലിൽ ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത് ഈ മാസം ഏഴിനാണ്. 9ന് ചാലോട് ടൗണിൽ കാറും വാനും കൂട്ടിയിടിച്ചു.

മാടത്തിൽ ബെൻഹില്ലിനു സമീപം പച്ചക്കറി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. പേരാവൂർ മേഖലയിൽ 3 അപകടങ്ങളിലായി ഗുരുതരമായി പരുക്കേറ്റ് 3 പേർ ചികിത്സയിലാണ്. സീബ്രാലൈനിൽ ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാലൈനിൽ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്കു പരുക്കേറ്റു. നരിക്കോട് സ്വദേശി അനന്യയെ (22) പരിക്കുളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.25ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ

കണ്ണൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം നിർജസിന്റെ (20) പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കണ്ണീരിലാഴ്ത്തി ഹാദി ഹംദാന്റെ മരണം

പാനൂർ : പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരൻ ഹാദി ഹംദാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിനു ഒരു കിലോ മീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്. സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. സ്കൂട്ടറിനു മുൻപിൽ പോകുകയായിരുന്ന ജല്ലി കയറ്റിയ ടിപ്പർ ലോറി പുത്തൂർ ക്ലബ്ബിനു സമീപം ഇടതു ഭാഗം തിരിയുമ്പോൾ സ്കൂട്ടർ പിന്നിലിടിച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് സൂചന.

സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് പാറാട് തച്ചോളിൽ അൻവർ അലിയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഖത്തറിലായിരുന്ന അൻവർ അലി അടുത്താണ് നാട്ടിൽ വന്നത്. ബന്ധുക്കളെ കെ.പി.മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡരികിലും രക്ഷയില്ല

കണ്ണൂർ: ഭാഗ്യം, മുകളിലെ ചിത്രത്തിൽ കാണുന്ന കമ്പി സോമശേഖരന്റെ ശരീരത്തിൽ കുത്തിക്കയറിയില്ല. എന്നാൽ ഇതിൽ തട്ടിവീണ് മുഖത്തും കാലുകളിലും പരുക്കേറ്റു. ഇന്നലെ 12.30ഓടെ ദേശീയപാതയിൽ മേലെചൊവ്വയിലാണ് സംഭവം. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുകയാണു കുടുക്കിമൊട്ട സ്വദേശി സോമശേഖരൻ. മേൽപാലത്തിന് വേണ്ടി ഈ പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.എന്നാൽ അതിന്റെയും പഴയ റോഡിന്റെയും അവശിഷ്ടങ്ങൾ ഉയർന്ന് നിൽക്കുന്നത് അപകടഭീഷണിയാകുകയാണ്. ജംക്‌ഷനിൽ വാഹനത്തിരക്ക് വർ‌ധിക്കുമ്പോൾ മട്ടന്നൂർ, എയർപോർട്ട് റോഡിൽ പോകുന്ന ബസുകളും ആംബുലൻസും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ വശത്തേക്ക് ഇറങ്ങിയാണ് പോവുക. അവിടെയാണു കെട്ടിടാവശിഷ്ടങ്ങളും മറ്റുമുള്ളത്.

സീബ്രാലൈനിലും രക്ഷയില്ല

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രലൈനുകളിൽ കൂടി റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഇന്നലെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സീബ്രാലൈനിൽ 8 വർഷം മുൻ പട്ടുവം സ്വദേശി മുസ്തഫ വാഹനമിടിച്ച് മരിച്ചിരുന്നു. വേറെയും അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തു മാഞ്ഞുപോയ സീബ്രാലൈൻ മാധ്യമ വാർത്തകളെ തുടർന്നാണ് പുതുക്കി വരച്ചത്.

യാത്രക്കാരെ സീബ്രാലൈനിൽ കണ്ടാലും പലരും വാഹനങ്ങൾ നിർത്താനോ വേഗം കുറയ്ക്കാനോ തയാറാകാറില്ല. റോഡ് മുറിച്ച് കടക്കുന്നവരോട് വാഹനങ്ങളിൽ വരുന്നവർ തട്ടിക്കയറാറുമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജ് ജംക്‌ഷനിൽ ദേശീയപാതയിലെ സീബ്രാലൈനിലും അപകടങ്ങൾ പതിവാണ്. 5 വർഷം മുൻപ് ഇവിടെ ലോറി തട്ടി ഒരാൾ മരിച്ചിരുന്നു.

കണ്ണൂർ കാൽടെക്സ്, താണ, പള്ളിക്കുളം, തളാപ്പ്, പള്ളിക്കുന്ന്, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളിലെല്ലാം സീബ്രാ ലൈൻ മാഞ്ഞിട്ട് നാളേറെയായി. 6 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ചുമതല ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണെന്നും അവരാണു സീബ്രാ ലൈൻ പുതുക്കി വരക്കേണ്ടതെന്നും മരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം പറയുന്നു. കാൽടെക്സ് ട്രാഫിക് സർക്കിളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ സ്റ്റോപ്പ് സിഗ്നൽ സമയത്ത് വാഹനങ്ങൾ നിർത്തുന്നത്.

കാൽടെക്സിൽ കാൽനടക്കാർക്ക് സിഗ്നൽ ലൈറ്റില്ല

കണ്ണൂർ: തിരക്കേറിയ കാൽടെക്സ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും കാൽനട യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ഇല്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ, സീബ്രാലൈൻ ലക്ഷ്യമാക്കിയെത്തുന്ന കാൽനടക്കാർക്കു കാണാൻ കഴിയില്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ പച്ചയാകുമ്പോൾ, അതറിയാതെ കാൽനടക്കാർ സീബ്രാലൈനിലൂടെ നടക്കാൻ ഇതിടയാക്കുന്നുണ്ട്. ഈ സമയം വാഹനങ്ങൾ നിർത്തേണ്ടി വരുന്നതു ഗതാഗതക്കുരുക്കിനിടയാക്കുകയും ചെയ്യുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!