പാലക്കയം തട്ടില്‍ സഞ്ചാരികൾ കുറയുന്നു

ശ്രീകണ്ഠപുരം : മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലേക്ക് സഞ്ചാരികൾ കുറയുന്നു. ധാരാളം കെട്ടിടങ്ങൾ വന്നതോടെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഇവിടുത്തെ നടത്തിപ്പ് നേരത്തെ ഡിടിപിസി ഒരു കരാറുകാരനെയാണ് ഏൽപിച്ചത്.
കരാറുകാരൻ ഡിടിപിസിക്ക് തുക അടയ്ക്കാത്തതു കാരണം അടുത്ത കാലത്തായി ഇദ്ദേഹത്തെ ഒഴിവാക്കി ഡിടിപിസി നേരിട്ട് ഏറ്റെടുത്തു. ഇപ്പോൾ നാട്ടുകാരാണു നടത്തിപ്പ്. വൻതുക മുടക്കി പാലക്കയം തട്ടിൽ സ്ഥാപിച്ച വിവിധ മാതൃകയിൽ ഉള്ള വിസ്മയ വിളക്കുകൾ ഏറെ ചർച്ചയായെങ്കിലും ഇപ്പോൾ ഇതെല്ലാം അഴിച്ചു കൊണ്ടു പോയി.
അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്ന സഞ്ചാരികൾ ഇപ്പോൾ മലയിൽ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങുകയാണ്. ഇങ്ങോട്ടുള്ള പ്രധാനപ്പെട്ട 2 റോഡുകളും നടുവിൽ പഞ്ചായത്ത് ഇടപെട്ട് വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഗതാഗത പ്രശ്നത്തിനു പരിഹാരമായിട്ടുണ്ട്.
4.5 കിലോമീറ്റർ നീളമുള്ള മണ്ടളം–മൈക്കാട്–പാലക്കയം തട്ട് റോഡ് ഇപ്പോൾ നല്ല നിലയിൽ ഗതാഗത യോഗ്യമാണ്. 45 ലക്ഷം നടുവിൽ പഞ്ചായത്തും, 40 ലക്ഷം ജില്ലാ പഞ്ചായത്തും അനുവദിച്ച് 85 ലക്ഷം രൂപ ചെലവിലാണ് ഈ റോഡ് വികസിപ്പിച്ചത്. ഇതുവഴി ഇപ്പോൾ വാഹന ഗതാഗതം സുഗമമായി നടക്കുന്നുണ്ട്.മറ്റൊന്ന് കൈതളം–തുരുമ്പി–പാലക്കയംതട്ട് റോഡാണ്.
6.5 കിലോമീറ്റർ നീളമുള്ള റോഡ് 75 ലക്ഷം രൂപ കൊണ്ടാണു വികസിപ്പിച്ചത്. ഇതിൽ 45 ലക്ഷം നടുവിൽ പഞ്ചായത്തിന്റേതും, 30 ലക്ഷം ജില്ലാ പഞ്ചായത്തിന്റേതുമാണ്. മുൻകാലങ്ങളിൽ ഗതാഗത പ്രശ്നം രൂക്ഷമായിരുന്ന ഇവിടെ ഇപ്പോൾ ഗതാഗതം സുഗമമാണ്. തുരുമ്പി, കൈതളം, ചേറ്റടി വരെ ബസ് സർവീസ് ഉണ്ട്. മിനി ബസുകൾ മുകളിലോട്ട് പോകും. ബസ് സ്റ്റോപ്പിൽ എത്തുന്നവർക്ക് ആശ്രയം ജീപ്പ് സർവീസ് ആണ്. മനോഹരമായ പ്രദേശമായതു കൊണ്ട് പാലക്കയം തട്ടിന് ഇനിയും വികസന സാധ്യതകൾ ഏറെയാണ്.
“പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിൽ നിന്ന് നടുവിൽ പഞ്ചായത്തിന് ആകെ ലഭിക്കുന്നത് കെട്ടിട നികുതിയും, ലൈസൻസ് ഫീസും മാത്രമാണ്. വിനോദ നികുതി 35 ശതമാനം സാധാരണ നിലയിൽ ലഭിക്കേണ്ടതാണ്. ഇവിടെ നിന്ന് ഈ തുക ലഭിക്കാറില്ല.
ഡി.ടി.പി.സി നേരിട്ട് വിനോദനികുതി പിരിച്ചെടുക്കുകയാണ്. എന്നാൽ, പഞ്ചായത്ത് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ട്. മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ ഹരിതകർമ സേനയുണ്ട്. ബോട്ടിൽ ബൂത്ത് ഉൾപ്പെടെ എല്ലാം ഒരുക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് സുരക്ഷിത ബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നതു പോലെ സഞ്ചാരികളെ തടഞ്ഞിട്ട് ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്ന അവസ്ഥയൊന്നും ഇവിടെ ഇപ്പോൾ ഇല്ല. 35 ശതമാനം വിനോദ നികുതി പഞ്ചായത്തിന് ലഭിക്കുന്ന അവസ്ഥ ഉണ്ടായാൽ ഇവിടെ കൂടുതൽ കാര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെയ്യാൻ കഴിയും.” – ബേബി ഓടംപള്ളിൽ (നടുവിൽ പഞ്ചായത്ത് പ്രസിഡന്റ്)